മിർപൂർ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ കളിയിലെ താരമായിട്ടും രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇന്ത്യയുടെ ടീം സെലക്ഷനെ വിമർശിച്ച് മുൻ താരങ്ങളും ആരാധകരും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ രണ്ടാം ടെസ്റ്റിൽ കുൽദീപിനെ ഒഴിവാക്കാനുണ്ടായ കാരണം വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ കെഎൽ രാഹുൽ.
'ഐപിഎല്ലിലെ പോലെ ടെസ്റ്റിലും ഇംപാക്‌റ്റ് പ്ലയർ നിയമം ഉണ്ടായിരുന്നെങ്കിൽ രണ്ടാം ഇന്നിങ്‌സിൽ ഞാൻ കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നു. ആദ്യ മത്സരത്തിൽ ടീമിനെ വിജയിപ്പിച്ച കുൽദീപിനെ രണ്ടാം ടെസ്റ്റിൽ പുറത്തിരുത്തുക എന്നത് കഠിനമായൊരു തീരുമാനമായിരുന്നു. എന്നാൽ ആദ്യ ദിനം പിച്ച് പരിശോധിച്ചപ്പോൾ പേർസർമാരെയും സ്‌പിന്നർമാരെയും ഒരുപോലെ പിന്തുണയ്‌ക്കുമെന്ന് തോന്നി. അത് മനസിൽ വെച്ചുകൊണ്ട് ഏറ്റവും മികച്ച ഒരു സന്തുലിത ടീമിനെ ഇറക്കാനായിരുന്നു തീരുമാനം.
എന്നാൽ ഇപ്പോൾ ആ തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നില്ല. കാരണം അത് ശരിയായ തീരുമാനമായിരുന്നു. ഞങ്ങൾ എടുത്ത 20 വിക്കറ്റുകളിൽ പകുതിയോളം നേടിയതും ഫാസ്റ്റ് ബോളർമാരായിരുന്നു. പേസർമാരെ മികച്ചരീതിയിൽ പിന്തുണയ്‌ക്കുന്ന പിച്ചായിരുന്നു അത്. കൂടാതെ സ്ഥിരമായി ബൗണ്‍സുകളെറിയാനും അവർക്ക് സാധിച്ചു. മിർപൂറിൽ ഏകദിനം കളിച്ചതിന്‍റെ അനുഭവത്തിലാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്.
ഞങ്ങൾ മിർപൂറിൽ രണ്ട് ഏകദിനം കളിച്ചിരുന്നു. അതിനാൽ തന്നെ ഇവിടം സ്‌പിന്നർമാരെയും പേസർമാരെയും ഒരുപോലെ തുണയ്‌ക്കുമെന്ന് അറിയാമായിരുന്നു. നാലോ അഞ്ചോ ദിവസങ്ങൾ ചേർന്നതാണ് ഒരു ടെസ്റ്റ് മത്സരം. അതിനാൽ പേസർമാരും സ്‌പിന്നർമാരും ടീമിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ എതിർ ടീമിനെതിരെ സന്തുലിതമായ ആക്രമണം നടത്താൻ സാധിക്കുകയുള്ളു. അതിൽ കുൽദീപിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമായിരുന്നു എന്നാണ് എന്‍റെ വിശ്വാസം', രാഹുൽ വ്യക്‌തമാക്കി.
അതേസമയം അടുത്ത കാലത്തായി ടെസ്റ്റിൽ മോശം പ്രകടനമാണ് വിരാട് കോലിയും, കെഎൽ രാഹുലും കാഴ്‌ചവെയ്‌ക്കുന്നത്. ഈ വർഷം ആറ് ടെസ്റ്റുകളിലെ 11 ഇന്നിങ്‌സുകളിൽ നിന്ന് 26.50 ശരാശരിയിൽ ഒരു അർദ്ധ സെഞ്ചുറി സഹിതം 265 റൺസ് മാത്രമാണ് വിരാട് നേടിയത്. രാഹുൽ നാല് ടെസ്റ്റുകളിലെ എട്ട് ഇന്നിങ്‌സുകളിൽ നിന്ന് 17.12 ശരാശരിയിൽ 137 റൺസ് മാത്രമാണ് സ്വന്തമാക്കിയത്.