കേരളം

kerala

ETV Bharat / sports

'മൂന്ന് സ്‌പിന്നർമാരെ ഉൾപ്പെടുത്തിയേക്കാം'; ഓസീസിനെതിരായ പ്ലേയിങ് ഇലവനെക്കുറിച്ചുള്ള സൂചന നൽകി കെഎൽ രാഹുൽ

ഓസ്‌ട്രേലിയൻ ടീമിൽ കൂടുതലും ഇടംകയ്യൻ ബാറ്റർമാർ ആണെന്നും അത് ഇന്ത്യൻ ബോളർമാർക്ക് ഗുണകരമാകുമെന്നും കെഎൽ രാഹുൽ

ഇന്ത്യ vs ഓസ്‌ട്രേലിയ  ബോർഡർ ഗവാസ്‌കർ ട്രോഫി  കെഎൽ രാഹുൽ  KL Rahul  Border Gavaskar Trophy  KL Rahul on BGT Test against Australia  BGT Test  ഇന്ത്യ  ഓസ്‌ട്രേലിയ  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്
പ്ലേയിങ് ഇലവനെക്കുറിച്ചുള്ള സൂചന നൽകി കെഎൽ രാഹുൽ

By

Published : Feb 7, 2023, 6:13 PM IST

നാഗ്‌പൂർ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിങ് ഇലവനെപ്പറ്റി നിർണായക സൂചനയുമായി ഇന്ത്യൻ താരം കെഎൽ രാഹുൽ. പിച്ച് കണ്ടിട്ട് മൂന്ന് സ്‌പിന്നർമാരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും എന്നാൽ കളി തുടങ്ങാൻ ഇനിയും സമയമുള്ളതിനാൽ ഇക്കാര്യത്തിൽ ഇപ്പോഴേ തീരുമാനമെടുക്കേണ്ടതില്ലെന്നും രാഹുൽ വ്യക്‌തമാക്കി.

പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് മൂന്ന് സ്‌പിന്നർമാരെ കളിപ്പിക്കാനുള്ള പ്രേരണയുണ്ടാകും. സ്‌പിൻ പിച്ചുകൾക്ക് മുൻതൂക്കമുള്ള ഇന്ത്യയിലാണ് ഞങ്ങൾ കളിക്കുന്നത്. എന്നാൽ പിച്ചിന്‍റെ കൃത്യമായ സ്വഭാവം മനസിലാക്കാൻ ഇനിയും സമയമുണ്ട്. ഇന്ത്യയിൽ പിച്ചുകൾ എങ്ങനെയുണ്ടാകുമെന്നും എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ഞങ്ങൾക്കറിയാം. അതിനാൽ അത് മനസിൽ വച്ചുകൊണ്ടാണ് ഞങ്ങൾ പരിശീലിക്കുന്നത്.

ഓരോ താരങ്ങൾക്കും അവരുടേതായ പ്ലാനുകളുണ്ട്. എല്ലാവർക്കും അവരവരുടെ രീതിയിൽ കളിക്കാനാണ് താത്‌പര്യം. മറ്റ് പരമ്പരകളെ അപേക്ഷിച്ച് ഇത് നിർബന്ധമായും ജയിക്കേണ്ട പരമ്പരയാണ്. പ്രത്യേകിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ മത്സരിക്കുമ്പോൾ രണ്ട് ടീമുകളും വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാനും ഈ പരമ്പര വിജയം നിർണായകമാണ്.

റിവേഴ്‌സ് സ്വിങ് ചരിത്രപരമായി ഇന്ത്യൻ പിച്ചിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. റിവേഴ്‌സ് സ്വിങ് മുതലെടുക്കാൻ കഴിയുന്ന നിലവാരമുള്ള ഫാസ്റ്റ് ബൗളർമാരുള്ള ഏതൊരു ടീമും ഇവിടെ അപകടകരമാണ്. ഓസ്‌ട്രേലിയ എല്ലായ്‌പ്പോഴും ഉയർന്ന നിലവാരമുള്ള ഫാസ്റ്റ് ബൗളർമാരെ സൃഷ്‌ടിച്ചിട്ടുണ്ട്. ഒരു ബാറ്റർ എന്ന നിലയിൽ അതിനായി തയ്യാറെടുക്കാൻ ശ്രമിക്കുന്നുണ്ട്, രാഹുൽ പറഞ്ഞു.

ഇടംകയ്യൻ ബാറ്റർമാർ അനുകൂലം: അതേസമയം ഓസ്‌ട്രേലിയൻ താരങ്ങളിൽ കൂടുതലും ഇടംകയ്യൻ ബാറ്റർമാർ ആയത് ഇന്ത്യൻ ബൗളർമാർക്ക് ഗുണം ചെയ്യുമെന്നും രാഹുൽ വ്യക്‌തമാക്കി. 'നിരവധി ഇടംകയ്യൻമാർ ഉള്ളത് ബൗളർമാർക്ക് ഗുണം ചെയ്യും. ബാറ്റിങ്ങിൽ ലെഫ്റ്റ്- റൈറ്റ് കോമ്പിനേഷൻ വരുമ്പോൾ ബോളർമാർ അവരുടെ ലൈനും ലെങ്തും ക്രമീകരിക്കാൻ പാടുപെടുന്നുണ്ട്. മറ്റൊരു ടീമിനും ഇത്രയും ഇടംകയ്യൻ ബാറ്റർമാർ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല', രാഹുൽ കൂട്ടിച്ചേർത്തു.

നിർണായക പരമ്പര: വ്യാഴാഴ്‌ച നാഗ്‌പൂരിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ആകെ നാല് മത്സരങ്ങളാണുള്ളത്. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റിന് പിന്നാലെ ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് ഈ പരമ്പര വിജയം ഏറെ അനിവാര്യമാണ്.

ALSO READ:'ഇന്ത്യയിലെ ടെസ്റ്റ് പരമ്പര നേട്ടം ആഷസ് വിജയത്തേക്കാൾ വലുത്': സ്റ്റീവ്‌ സ്‌മിത്ത്

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ് (ആദ്യ രണ്ട് മത്സരം) : രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ് :പാറ്റ് കമ്മിന്‍സ് (നായകന്‍), ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യു റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത് (വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍. ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോലാന്‍ഡ്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്.

ABOUT THE AUTHOR

...view details