കേപ്‌ടൗണ്‍ :സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് കേപ്‌ടൗണില്‍ കനത്ത മറുപടി നല്‍കിയതോടെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ട് മത്സര പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. സെഞ്ചൂറിയനില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും തോല്‍വി വഴങ്ങിയ സന്ദര്‍ശകര്‍ കേപ്‌ടൗണില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് കളി പിടിച്ചത്. പേസര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട മത്സരം വെറും ഒന്നര ദിവസത്തിലാണ് അവസാനിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇത്രയും ദൈര്‍ഘ്യം കുറഞ്ഞ മറ്റൊരു മത്സരം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. പരമ്പരയില്‍ ഒരു ടെസ്റ്റ് കൂടി കളിക്കാനുള്ള സമയം ഉണ്ടായിരുന്നുവെന്നാണ് കെവിന്‍ പീറ്റേഴ്‌സണ്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
"പരമ്പര വിജയികളെ നിര്‍ണയിക്കുന്നതിനായി മൂന്നാമതൊരു ടെസ്റ്റ്, നാളെത്തന്നെ കേപ്‌ടൗണില്‍ തുടങ്ങുകയായിരുന്നെങ്കില്‍ ആവശ്യത്തിന് സമയമുണ്ടാകുമായിരുന്നു. മത്സരത്തിന് ഫലമുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശവുമില്ല. അതുപോലെ നേരത്തെ ബുക്ക് ചെയ്‌തിട്ടുള്ള ഫ്ലൈറ്റുകള്‍ കളിക്കാര്‍ക്ക് മിസ്സാകുകയുമില്ല" - കെവിന്‍ പീറ്റേഴ്‌സണ്‍ എക്‌സില്‍ എഴുതി.
ആകെ 107 ഓവറുകള്‍ക്ക് ഉള്ളിലാണ് കേപ്‌ടൗണ്‍ ടെസ്റ്റ് അവസാനിച്ചത്. മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ തന്നെ 23 വിക്കറ്റുകളായിരുന്നു വീണത്. രണ്ടാം ദിനത്തില്‍ രണ്ട് സെഷനില്‍ 10 വിക്കറ്റുകളും നിലംപൊത്തി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 55 റണ്‍സ് മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്.