ദുബായ്:2022 ജനുവരിയിലെ മികച്ച താരങ്ങളെ ഇന്ന് പ്രഖ്യാപിച്ചു ഐസിസി. മികച്ച പുരുഷ താരമായി ദക്ഷിണാഫ്രിക്കൻ താരം കീഗൻ പീറ്റേഴ്‌സണും, വനിത താരമായി ഇംഗ്ലണ്ടിന്‍റെ ഹീതർ നൈറ്റും തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ലോകകപ്പ് താരം ഡെവാൾഡ് ബ്രെവിസ്, ബംഗ്ലാദേശ് പേസർ ഇബാദത്ത് ഹൊസൈൻ എന്നിവരെ പിന്നിലാക്കിയാണ് പീറ്റേഴ്‌സണ്‍ ജേതാവായത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് പിന്നിലായതിന് ശേഷം ദക്ഷിണാഫ്രിക്ക പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. പരമ്പര വിജയത്തിൽ നിർണായക പങ്ക് വഹിച്ച പീറ്റേഴ്‌സൺ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.