മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീം ഒരു മത്സരത്തില്‍പ്പോലും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് അവസരം നല്‍കാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി മുംബൈ സ്‌ക്വാഡിന്‍റെ ഭാഗമാണ് അര്‍ജുന്‍. 30 ലക്ഷം രൂപക്കാണ് മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെ സ്വന്തമാക്കിയത്.
എന്തുകൊണ്ടാണ് അര്‍ജുന് മുംബൈ ടീമിൽ അവസരം നല്‍കാത്തത് എന്ന് കഴിഞ്ഞ ദിവസം മുംബൈ ബൗളിംഗ് കോച്ച് ഷെയ്‌ന്‍ ബോണ്ട് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ അര്‍ജുനെ കുറിച്ച് തന്‍റെ അഭിപ്രായവും നിലപാടും മുന്നോട്ടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്.
'സച്ചിൻ ടെണ്ടുൽക്കർ സ്ഥാപിച്ച റെക്കോഡുകൾ ആധുനിക കാലത്തെ ഏതൊരു ബാറ്റർക്കും പൊരുത്തപ്പെടുത്താൻ എളുപ്പമല്ല. അദ്ദേഹത്തിന്‍റെ മകന്‍ എന്നതിലുപരി അർജുനെ തന്‍റെ പിതാവുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്നും അവന്‍റെ പ്രായം കണക്കിലെടുക്കണമെന്നും' കപിൽ ദേവ് പറഞ്ഞു. 'സ്വന്തം പ്രകടനം കാഴ്‌ചവെക്കുക എന്നുമാത്രമേ അര്‍ജുനോട് പറയാനുള്ളൂ. ഒന്നും തെളിയിക്കേണ്ടതില്ല. സച്ചിന്‍റെ 50 ശതമാനമെങ്കിലും ആയാല്‍പ്പോലും അതിനേക്കാള്‍ വലിയ കാര്യമില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ:അവൻ ഇനിയും മെച്ചപ്പെടാനുണ്ട്; അർജുനെ കളിപ്പിക്കാത്തതിന്‍റെ കാരണം വ്യക്‌തമാക്കി ഷെയ്‌ൻ ബോണ്ട്
സച്ചിനുമായി താരതമ്യം വേണ്ട;'എന്തുകൊണ്ടാണ് എല്ലാവരും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കുറിച്ച് സംസാരിക്കുന്നത്? കാരണം അയാള്‍ സച്ചിന്‍റെ മകനാണ്. അവന്‍ സ്വന്തം ക്രിക്കറ്റ് കളിക്കട്ടെ, സച്ചിനുമായി താരതമ്യം ചെയ്യണ്ടതില്ല. പേരിനൊപ്പം ടെണ്ടുല്‍ക്കര്‍ എന്നുള്ളത് ചിലപ്പോള്‍ ദോഷവുമാകാം. സമ്മര്‍ദ്ദം താങ്ങാനാവാതെ ഡോണ്‍ ബ്രാഡ്‌മാന്‍റെ മകന്‍ പേര് മാറ്റിയത് നമുക്ക് മുന്നിലുണ്ട്. അയാള്‍ ബ്രാഡ്‌മാനെ പോലെയായിരിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചു'.