പെര്‍ത്ത്:ടി20 ലോകകപ്പിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ് റിഷഭ് പന്തിന്‍റെ അഭാവം. പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് മത്സരങ്ങളില്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്ഥാനം പിടിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ അന്തിമ ഇലവനിലേക്ക് റിഷഭ് പന്തിനെ പരിഗണിക്കണമെന്നാണ് മുന്‍ താരം കപില്‍ ദേവിന്‍റെ ആവശ്യം.
'ഇന്ത്യന്‍ ടീമിന് ഇപ്പോഴാണ് റിഷഭ് പന്തിനെ ആവശ്യം': കപില്‍ ദേവ് - റിഷഭ് പന്ത്
ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്‍റെ പ്രതികരണം. ദിനേശ് കാര്‍ത്തിക്കിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്തിനെ പിരഗണിക്കണമെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു.
'ദിനേശ് കാര്‍ത്തിക്ക് തന്‍റെ ജോലികള്‍ നല്ല രീതിയില്‍ തന്നെ ചെയ്‌തു. എന്നാല്‍ ഇന്ത്യക്ക് ഇപ്പോള്‍ റിഷഭ് പന്തിനെ ആവശ്യമുള്ള സമയമാണ്. ഒരു ഇടം കൈയൻ ബാറ്ററുടെ അഭാവം ഇപ്പോഴും ടീമിലുണ്ട്. പന്ത് എത്തിയാല്‍ ആ പ്രശ്‌നത്തിന് പരിഹാരമാകും' കപില്‍ദേവ് പറഞ്ഞു.
അതേസമയം മോശം ഫോം തുടരുന്ന ഓപ്പണര്‍ കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് തഴയരുതെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു. 'രാഹുല്‍ മികച്ച ഒരു ബാറ്ററാണ്. അദ്ദേഹത്തിന്‍റെ ബാറ്റിങ് ശ്രദ്ദിച്ചാല്‍ അവന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഒരിക്കലും തോന്നില്ല. രാഹുല്‍ റണ്‍സ് കണ്ടെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ടീമിന്‍റെ മുന്നോട്ടുള്ള യാത്രക്ക് അത് പ്രധാനമാണ്. രാഹുല്‍ ക്ഷമയോടെ കളിച്ച് ടോപ് ഗിയറിലേക്ക് എത്തണമെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.