മുംബൈ :ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ താരമാണെങ്കിലും സൂര്യകുമാര്‍ യാദവിന്‍റെ ഏകദിനത്തിലെ പ്രകടനം ആശങ്കയ്‌ക്ക് വക നല്‍കുന്നതാണ്. തന്‍റെ അവസാന 10 ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് രണ്ടക്കത്തില്‍ എത്താന്‍ കഴിഞ്ഞത്. അവസാന മൂന്ന് ഇന്നിങ്‌സുകളിലാവട്ടെ ഗോള്‍ഡന്‍ ഡക്കായും 32കാരനായ താരം തിരിച്ചുകയറി. ഇതിന് പിന്നാലെ ഇന്ത്യയുടെ മധ്യനിരയില്‍ മലയാളി താരം സഞ്‌ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
വിദഗ്‌ധരും ആരാധരും ഉള്‍പ്പടെ നിരവധി പേരാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. ഏകദിനത്തില്‍ സൂര്യകുമാറിന്‍റെ ശരാശരി 25ല്‍ താഴെയാണെന്നും എന്നാല്‍ സഞ്‌ജുവിന്‍റേത് 66 ആണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം കപില്‍ ദേവ്.
സൂര്യയേയും സഞ്‌ജുവിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് കപില്‍ ദേവ് പറയുന്നത്. തന്‍റെ ഫോം വീണ്ടെടുക്കാൻ സൂര്യകുമാറിന് പിന്തുണ ആവശ്യമാണെന്നും ഇന്ത്യയുടെ മുന്‍ നായകന്‍ പറഞ്ഞു. "നന്നായി കളിച്ചിട്ടുള്ള ഒരു താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.
സൂര്യകുമാര്‍ യാദവിനെ സഞ്‌ജു സാംസണുമായി താരതമ്യം ചെയ്യാന്‍ പാടില്ല. അങ്ങനെ താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. സഞ്‌ജുവാണ് മോശം കാലത്തിലൂടെ കടന്നുപോകുന്നതെങ്കില്‍, അപ്പോള്‍ നിങ്ങള്‍ മറ്റൊരു താരത്തെ കുറിച്ചാവും സംസാരിക്കുക. അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നാണ് ഞാന്‍ പറയുന്നത്.
സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കാൻ ടീം മാനേജ്‌മെന്‍റ് തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അവന് കൂടുതൽ അവസരം നൽകണം. തീര്‍ച്ചയായും ആളുകള്‍ക്ക് പല അഭിപ്രായങ്ങളും പറയാനുണ്ടാവും. എന്നാല്‍ ടീമിന്‍റെ തെരഞ്ഞെടുപ്പ് നടത്തുന്നത് മാനേജ്‌മെന്‍റാണ്" - കപില്‍ ഒരു ചാനലിനോട് പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്ക് എതിരെ അവസാനിച്ച പരമ്പരയിലാണ് ലഭിച്ച മൂന്ന് അവസരങ്ങളിലും സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി തിരിച്ച് കയറിയത്. മുംബൈയിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സൂര്യകുമാര്‍ തിരിച്ച് കയറിയത്. രണ്ട് മത്സരങ്ങളിലും നാലാം നമ്പറില്‍ കളിക്കാനെത്തിയ താരത്തെ ഏതാണ്ട് സമാനമായ രീതിയിലായിരുന്നു സ്റ്റാര്‍ക്ക് തിരിച്ച് കയറിയത്.
ഇതോടെ ചെന്നൈയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഏഴാം നമ്പറിലായിരുന്നു സൂര്യയ്‌ക്ക് അവസരം ലഭിച്ചത്. പക്ഷേ ഓസീസ് സ്‌പിന്നര്‍ ആഷ്‌ടണ്‍ ആഗറിന്‍റെ പന്തില്‍ വിക്കറ്റ് തെറിച്ചായിരുന്നു ഇത്തവണ താരം തിരികെ കയറിയത്. സൂര്യയെ ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറക്കിയതിനെയും ചിലര്‍ ചോദ്യം ചെയ്‌തിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ താഴെപ്പോകുന്നത് താരത്തിന്‍റെ ആത്മവിശ്വാസം ഇല്ലാതെയാക്കുമെന്നായിരുന്നു ഇക്കൂട്ടരുടെ വാദം.
എന്നാല്‍ സൂര്യയെ ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേയും തീരുമാനത്തെയും 64കാരനായ കപില്‍ പിന്തുണച്ചു. ബാറ്റിങ് ഓർഡറിലെ മാറ്റങ്ങൾ പുതിയ കാര്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
"മത്സരം അവസാനിച്ചതിന് ശേഷം സംസാരിക്കുന്നത് വളരെ എളുപ്പമാണ്. സൂര്യകുമാറിനെ 7-ാം നമ്പറില്‍ അയച്ചതിന് പിന്നിലെ ആശയം അദ്ദേഹത്തിന് ഫിനിഷറായി അവസരം നൽകാനാണ്. ബാറ്റിങ് ഓർഡറില്‍ മാറ്റമുണ്ടാവുന്നത് ഏകദിനത്തിൽ പുതുമയുള്ള കാര്യമല്ല.
ALSO READ:'സൂര്യകുമാര്‍ യാദവ്, ചില താരങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണം'
നേരത്തെ പലപ്പോഴും ഇത് സംഭവിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങുന്നത് ബാറ്ററുടെ ആത്മവിശ്വാസം കെടുത്തിയേക്കാം. എന്നാൽ ടോപ്പ് ഓർഡറിൽ മികച്ച പ്രകടനം നടത്താന്‍ തനിക്ക് കഴിയുമെന്ന് ക്യാപ്റ്റനോട് പറയാനുള്ള ബാധ്യത കളിക്കാരനുണ്ട്. ഏറെ ആലോചിച്ചതിന് ശേഷമായിരിക്കും കോച്ചും ക്യാപ്റ്റനും ആ തീരുമാനം എടുത്തിരിക്കുക" - കപില്‍ ദേവ് വ്യക്തമാക്കി.