മുംബൈ:ഏകദിന ലോകകപ്പിന്‍റെ ഫൈനലിലെ (Cricket World Cup 2023) തോല്‍വിയുടെ നിരാശ ഇന്ത്യന്‍ താരങ്ങളുടേയും ആരാധകരുടേയും മനസില്‍ ഇപ്പോഴും കുറഞ്ഞിട്ടില്ല. അപരാജിത കുതിപ്പ് നടത്തിയ നീലപ്പടയ്‌ക്ക് കലാശപ്പോരില്‍ മാത്രമാണ് അടി തെറ്റിയത്. ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്. കിരീടം നേടുക എന്നതിനേക്കാള്‍ കളിച്ച രീതിയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് കപില്‍ ദേവ് പറയുന്നത് (Kapil Dev On India Performance In Cricket World Cup 2023).
ഇന്ത്യയ്‌ക്ക് ആദ്യ ഏകദിന ലോകകപ്പ് നേടിത്തന്ന കപിലിന്‍റെ വാക്കുകള്‍ ഇങ്ങിനെ... " ഏകദിന ലോകകപ്പ് നേടാന്‍ ഇത്തവണ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ല. പക്ഷെ, ടൂര്‍ണമെന്‍റിലുടനീളം അവര്‍ മികച്ച രീതിയിലാണ് കളിച്ചത്. കിരീടങ്ങള്‍ നേടുന്നതാണ് എല്ലാത്തിലും വലുതെന്നാണ് ആളുകളുടെ മനസിലെന്ന് എനിക്കറിയാം.
പക്ഷെ, കളിക്കുന്ന രീതിയും വളരെ പ്രധാനപ്പെട്ടതാണ്. മറ്റുള്ള ടീമുകളും ഇവിടെ കളിക്കാനാണെത്തുന്നത്. ഫൈനലില്‍ മറ്റൊരു ടീം നന്നായി കളിച്ചു. അതിനെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്.
ALSO READ: 'അച്ഛന്‍ വീണ്ടും ചിരിക്കും...' സമൂഹമാധ്യമങ്ങളില്‍ തരംഗമായി രോഹിത് ശര്‍മയുടെ മകള്‍ സമൈറയുടെ വീഡിയോ
ഇന്ത്യ നന്നായി കളിച്ചിട്ടും അവർക്ക് ട്രോഫി നേടാനാകാത്തതിൽ എനിക്ക് കടുത്ത നിരാശയുമുണ്ട്. പക്ഷേ, അതിനെ കാര്യമാക്കേണ്ടതില്ല. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച് അടുത്ത തവണ ഇതിലും മികച്ച പ്രകടനം നടത്താന്‍ ടീമിന് കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്" ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ സംസാരിക്കവെ 64-കാരനായ കപില്‍ ദേവ് (Kapil Dev) പറഞ്ഞു.