വെല്ലിങ്‌ടണ്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പിനൊരുങ്ങുന്ന ന്യൂസിലന്‍ഡ് ടീമിന് വമ്പന്‍ തിരിച്ചടി. ഇന്ത്യ വേദിയാകുന്ന ലോകകപ്പില്‍ കിവീസിന് കളിക്കാന്‍ അവരുടെ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഉണ്ടാകില്ല. ഐപിഎല്ലിനിടെയുണ്ടായ പരിക്കാണ് താരത്തിനും ന്യൂസിലന്‍ഡ് ടീമിനും വില്ലനായിരിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണില്‍ ചെന്നൈക്കെതിരായ ആദ്യ മത്സരത്തിലാണ് കെയ്‌ന്‍ വില്യംസണിന് പരിക്കേറ്റത്. മത്സരത്തില്‍ ചെന്നൈ ഇന്നിങ്‌സിന്‍റെ 13-ാം ഓവറില്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഷോട്ട് തടഞ്ഞിടാന്‍ ശ്രമിക്കവേയാണ് വില്യംസണിന് പരിക്കേല്‍ക്കുന്നത്. ബൗണ്ടറി ലൈനില്‍ നിന്നും ഉയര്‍ന്ന് ചാടിയ താരം നിലതെറ്റി വീഴുകയായിരുന്നു.
ഈ സമയത്താണ് വില്യംസണിന്‍റെ കാല്‍മുട്ട് നിലത്തിടിച്ചത്. പിന്നാലെ മൈതാനത്ത് വീണ് വേദനകൊണ്ട് പുളഞ്ഞ ഗുജറാത്ത് ടൈറ്റന്‍സ് താരം സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ സഹായത്തോടെയായിരുന്നു ഗ്രൗണ്ട് വിട്ടത്. പിന്നീട് മത്സരത്തില്‍ ബാറ്റ് ചെയ്യാനും വില്യംസണ്‍ എത്തിയിരുന്നില്ല.
തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പുറത്തായ താരം കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം സ്‌കാനിങിനും വില്യംസണ്‍ വിധേയനായി. ഈ പരിശോധനയില്‍ താരത്തിന്‍റെ വലത് കാല്‍മുട്ടില്‍ മുന്‍ഭാഗത്ത് ക്രൂസിയേറ്റ് ലിഗ്‌മെന്‍റിന് വിള്ളല്‍ സംഭവിച്ചുവെന്ന് കണ്ടെത്തി.
ശസ്ത്രക്രിയക്ക് ശേഷം മാത്രമെ താരത്തിന് പരിക്കില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കു. വരുന്ന മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ വില്യംസണ്‍ ശസ്ത്രക്രിയക്ക് വിധേയനാകും. ഇതിന് ശേഷം, ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന് മുന്‍പ് വില്യംസണിന് പൂര്‍ണമായി കായികക്ഷമത വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് ഔദ്യോഗിക വാര്‍ത്ത കുറിപ്പിലൂടെ ബ്ലാക്ക് ക്യാപ്‌സ് വ്യക്തമാക്കിയിരുന്നു.