ബെംഗളൂരു : ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ടാം വൻമതിൽ എന്നാണ് ചേതേശ്വർ പുജാര അറിയപ്പെടുന്നത്. പുജാരയെ പുറത്താക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് പല മുൻനിര ബോളർമാരും പലതവണ വ്യക്‌തമാക്കിയിട്ടുള്ളതുമാണ്. ഇപ്പോൾ പുജാരയുടെ വിക്കറ്റ് നേടുക എന്നത് ഓസ്‌ട്രേലിയൻ ബൗളർമാര്‍ക്ക് വലിയ ആവേശമാണ് നൽകുന്നതെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ഓസീസ് പേസർ ജോഷ് ഹേസൽവുഡ്.
'പുജാരയെ പുറത്താക്കുക എന്ന കാര്യം ബോളർമാർക്ക് വലിയ ആവേശം നൽകുന്ന ഒന്നാണ്. കഷ്‌ടപ്പാടുകൾക്കവസാനം അവന്‍റെ വിക്കറ്റ് ലഭിക്കുമ്പോൾ എല്ലാം നേടി എന്ന തോന്നലാണ് ബൗളർമാരിൽ ഉണ്ടാവുക. അതിനർഥം നിങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്‌തു എന്നതാണ്. അവൻ നേരിടുന്ന അഞ്ചാം പന്തിൽ വിക്കറ്റായാൽ പോലും ആ അനുഭവമാണ് ലഭിക്കുക.' ജോഷ് ഹേസൽവുഡ് പറഞ്ഞു.
'വർഷങ്ങളായി, പ്രത്യേകിച്ച് ഓസ്‌ട്രേലിയൻ താരങ്ങളുമായി വലിയ വഴക്കുകൾ ഉണ്ടായിട്ടുള്ള ഒരാളാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കാർ വെറുക്കാൻ ഇഷ്‌ടപ്പെടുന്ന ഒരാളാണ് പുജാര. അത് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാഗമാണ്. പക്ഷേ അവൻ ഒരു മികച്ച കളിക്കാരനാണ്. അവനെ പുറത്താക്കാൻ കഴിഞ്ഞാൻ, എല്ലാം നേടി എന്ന തോന്നലാണ് ഓസ്‌ട്രേലിയൻ ബോളർമാക്ക് ഉണ്ടാവുക' ഹേസൽ വുഡ് കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിയിലാണ് ചേതേശ്വർ പുജാര തന്‍റെ 100-ാം ടെസ്റ്റ് കളിച്ചത്. പരമ്പരയിൽ കാര്യമായ പ്രകടനം താരത്തിന് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി 102 മത്സരങ്ങളിൽ നിന്ന് 19 സെഞ്ചുറികളും 35 അർധ സെഞ്ച്വറികളും ഉൾപ്പടെ 7154 ടെസ്റ്റ് റൺസാണ് 35-കാരനായ പുജാര ഇതിനകം അടിച്ചുകൂട്ടിയത്.