ദുബായ്:ഐപിഎൽ രണ്ടാം പാദത്തിലെ മത്സരങ്ങളിൽ നിന്ന് രാജസ്ഥാൻ റോയൽസിന്‍റെ സൂപ്പർ താരം ജോസ് ബട്‌ലർ പിൻമാറി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങളാലാണ് താരത്തിന്‍റെ പിൻമാറ്റം. ബട്‌ലറിന് പകരം ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഗ്ലെൻ ഫിലിപ്‌സിനെ ടീമിൽ ഉൾപ്പെടുത്തി.
ഏത് പൊസിഷനിലും മികച്ച രീതിയിൽ കളിക്കുന്ന ബട്‌ലറുടെ അഭാവം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. എന്നാൽ ബട്‌ലറുടെ പകരക്കാരനായി ടീമിൽ ഇടം പിടിച്ചിട്ടുള്ള ഗ്ലെൻ ഫിലിപ്‌സ് ഇപ്പോൾ മികച്ച ഫോമിലാണ്.
ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന താരം ലോകത്തിലെ മറ്റ് ടി20 ലീഗുകളിൽ തന്‍റെ മികവ് തെളിയിച്ചട്ടുണ്ട്. ക്രിക്കറ്റിലെ പുതിയ ഫോർമാറ്റായി മാറിയ ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് ലീഗിൽ താരം റൺസ് വാരിക്കൂട്ടിയിരുന്നു. 25 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 506 റണ്‍സാണ് ഗ്ലെന്‍ ഫിലിപ്‌സിന്‍റെ സമ്പാദ്യം.
ALSO READ:ലങ്കന്‍ താരം വാനിഡു ഹസരങ്ക ആര്‍സിബിയില്‍; കാറ്റിച്ച് പരിശീലക സ്ഥാനമൊഴിഞ്ഞു
ജോഫ്ര ആര്‍ച്ചർ, ബെന്‍ സ്റ്റോക്‌സ് എന്നീ പ്രമുഖ താരങ്ങളാണ് നേരത്തെ റോയൽസിൽ നിന്ന് പിൻമാറിയത്. പരിക്ക് കാരണം ആർച്ചർ പിൻമാറിയപ്പോൾ വ്യക്‌തിപരമായ കാരണങ്ങളാലാണ് സ്റ്റോക്‌സിന്‍റെ പിൻമാറ്റം. ഡേവിഡ് മില്ലര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവര്‍ മാത്രമാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിലുള്ള വിദേശ താരങ്ങള്‍.