ദുബായ്: ഇന്ത്യൻ വനിത ക്രിക്കറ്റിന്‍റെ ഇതിഹാസ താരം ജുലൻ ഗോസ്വാമിക്ക് വിജയത്തോടെ വീരോചിതമായ മടക്കം. ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ 16 റണ്‍സിന്‍റെ വിജയത്തോടെ പരമ്പര തൂത്തുവാരിയാണ് ഇന്ത്യൻ സംഘം ജുലൻ ഗോസ്വാമിക്ക് യാത്രയയപ്പ് നൽകിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനെത്തിയ ഇന്ത്യയുടെ 169 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ടിന് 43.4 ഓവറിൽ 153 റണ്‍സ് നേടാനേ സാധിച്ചുള്ളു.
നാല് വിക്കറ്റ് നേടിയ രേണുക സിങാണ് ആതിഥേയരെ തകര്‍ത്തത്. കരിയറിലെ അവസാന മത്സരത്തിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജുലൻ ഏകദിന ക്രിക്കറ്റിലെ തന്‍റെ വിക്കറ്റ് നേട്ടം 255 ആയി ഉയർത്തി. സ്‌മൃതി മന്ദാന (50), ദീപ്‌തി ശര്‍മ (68) എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
ഇതിഹാസതാരം:വനിത ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായ ജുലൻ ഗോസ്വാമിയുടെ 20 വർഷം നീണ്ട കരിയറിനാണ് അവസാനമാകുന്നത്. 2002 ജനുവരി ആറിന് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. അതേമാസം 24ന് ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറി. 2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി20 കളിച്ചത്.
ഇന്ത്യയ്ക്കായി 12 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റുകളും 204 ഏകദിനങ്ങളില്‍ നിന്ന് 255 വിക്കറ്റുകളും 68 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്ന് 56 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വനിതാതാരം എന്ന റെക്കോഡും ജുലന്‍റെ പേരിലാണ്. 2018-ല്‍ ഏകദിനത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമായി.