സിഡ്‌നി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ ജെമിമ റോഡ്രിഗസ് വനിത ബിഗ് ബാഷ് ലീഗിന്‍റെ അടുത്ത സീസണില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിക്കും. മെല്‍ബണ്‍ സ്റ്റാര്‍സുമായി കരാര്‍ ഒപ്പിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജെമിമ റോഡ്രിഗസ്. കഴിഞ്ഞ സീസണില്‍ മെല്‍ബണ്‍ റെനഗേഡ്സിനായാണ് ജമിമ കളിച്ചിരുന്നത്.
റെനഗേഡ്സിനായി 116 സ്ട്രൈക്ക് റേറ്റില്‍ 333 റണ്‍സ് നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഒക്ടോബര്‍ 13നാണ് വനിത ബിഗ് ബാഷ് ലീഗ് ആരംഭിക്കുന്നത്. സെപ്തംബറിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും തുടര്‍ന്ന് വനിത ഏഷ്യ കപ്പിലും കളിച്ച ശേഷമാണ് താരം ഫ്രാഞ്ചൈസിക്കൊപ്പം ചേരുക.
ഇക്കാര്യം മെല്‍ബണ്‍ സ്റ്റാര്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ 1 മുതൽ 16 വരെ ബംഗ്ലാദേശിലാണ് വനിത ഏഷ്യ കപ്പ് നടക്കുക. മെൽബണിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണെന്നും ഫ്രഞ്ചൈസിയുമായി കരാര്‍ ഒപ്പിട്ടതില്‍ സന്തോഷമുണ്ടെന്നും ജെമിമ റോഡ്രിഗസ് പ്രതികരിച്ചു.
"സ്റ്റാർസ് കുടുംബത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ ആവേശമുണ്ട്. സ്റ്റാർസുമായി കരാര്‍ ഒപ്പിടുന്ന ആദ്യ ഇന്ത്യന്‍ താരമാവുകയെന്നത് ബഹുമതിയാണ്. മെൽബൺ ഓസ്‌ട്രേലിയയിലെ എന്റെ പ്രിയപ്പെട്ട നഗരമാണ്. അവിടെ തിരിച്ചെത്താൻ എനിക്ക് കാത്തിരിക്കാനാവില്ല," ജെമീമ പറഞ്ഞു.
ഈ വർഷമാദ്യം നടന്ന വനിത ലോകകപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്ന ജെമിമ, അടുത്തിടെ സമാപിച്ച കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് നടത്തിയത്. അഞ്ച് മത്സരങ്ങളില്‍ 146 റണ്‍സടിച്ച താരം ടൂര്‍ണമെന്‍റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതായിരുന്നു. ഈ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ 2022 ഓഗസ്റ്റിലെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരത്തിനുള്ള നാമനിർദേശവും താരത്തിന് ലഭിച്ചിരുന്നു.