മുംബൈ: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് മുൻപ് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി. ഫെബ്രുവരി 17ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി പേസർ ജയ്‌ദേവ് ഉനദ്‌ഘട്ടിനെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി. രഞ്ജി ട്രോഫി ഫൈനലിൽ കളിക്കുന്നതിന് വേണ്ടിയാണ് താരത്തെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കാൻ ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്‌മെന്‍റും തീരുമാനിച്ചത്.
ഉനദ്‌ഘട്ട് ഉൾപ്പെട്ട സൗരാഷ്‌ട്ര ടീമും ബംഗാളും തമ്മിലാണ് രഞ്ജി ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുക. ഫെബ്രുവരി 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് രഞ്ജി ട്രോഫി ഫൈനൽ. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിലാണ് ഉനദ്‌ഘട്ടിനെയും ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ നാഗ്‌പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.
അതേസമയം മൂന്നും, നാലും ടെസ്റ്റുകൾക്കായുള്ള ടീമിൽ ഉനദ്‌ഘട്ട് തിരിച്ചെത്തുമെന്നാണ് സൂചന. പേസർ ജസ്‌പ്രീത് ബുംറ ടീമിലില്ലാത്തതിനാൽ താരത്തിനെ സെലക്ഷൻ കമ്മിറ്റി പരിഗണിച്ചേക്കും. ആഭ്യന്തര മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉനദ്‌ഘട്ട് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. ജനുവരിയിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിന്‍റെ ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടി ഉനദ്‌ഘട്ട് റെക്കോഡിട്ടിരുന്നു. രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഡൽഹിക്കെതിരായ സൗരാഷ്ട്രയുടെ എലൈറ്റ്, ഗ്രൂപ്പ് ബി മത്സരത്തിലാണ് താരം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.