കേപ്‌ടൗണ്‍:സെഞ്ചൂറിയനില്‍ നിറം മങ്ങിയ ഇന്ത്യന്‍ പേസ് പട തങ്ങളുടെ മികവിനൊത്ത് ഉയര്‍ന്നതോടെയാണ് കേപ്‌ടൗണില്‍ കളിപിടിച്ച് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞത്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തിൽ അവസാനിച്ച മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് സന്ദര്‍ശകര്‍ വിജയമുറപ്പിച്ചത് (India vs South Africa). കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരമായത് പ്രീമിയം പേസര്‍ ജസ്‌പ്രീത് ബുംറയാണ് (Jasprit Bumrah).
രണ്ട് ഇന്നിങ്സുകളിലുമായി എട്ട് വിക്കറ്റുകളാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകളുമായാണ് തിളങ്ങിയത്. ഇതോടെ ടെസ്റ്റില്‍ കേപ്‌ടൗണില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ സന്ദർശക ബോളറെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍.
ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനെ മറികടന്നാണ് എലൈറ്റ് ലിസ്റ്റില്‍ ബുംറയുടെ മുന്നേറ്റം.18 വിക്കറ്റുകളാണ് നിലവില്‍ കേപ്‌ടൗണില്‍ ബുംറയുടെ അക്കൗണ്ടിലുള്ളത്. 17 വിക്കറ്റുകളായിരുന്നു ഷെയ്ൻ വോണ്‍ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന്‍റെ മുന്‍ സ്പിന്നർ കോളിൻ ബ്ലൈത്താണ് കേപ്‌ടൗണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ള സന്ദര്‍ശക ബോളര്‍. 25 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.
ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്‌സണും ജോണി ബ്രിഗ്‌സുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ 16 വിക്കറ്റുകള്‍ നേടിയപ്പോള്‍ 15 വിക്കറ്റുകളാണ് ജോണി ബ്രിഗ്‌സ് സ്വന്തമാക്കിയത്. അതേസമയം മത്സരത്തില്‍ മുഹമ്മദ് സിറാജും ഇന്ത്യയ്‌ക്കായി മിന്നും പ്രകടനമായിരുന്നു കാഴ്‌ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റായിരുന്നു അക്കൗണ്ടിലാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയിരുന്നു. എന്നാല്‍ മികച്ച ലൈനിലും ലെങ്‌ത്തിലും പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ടീമിന്‍റെ മുട്ടിടിച്ചു. സിറാജ് കൊടുങ്കാറ്റായതോടെ 23.2 ഓവറില്‍ വെറും 55 റണ്‍സിന് ആതിഥേയരുടെ 10 വിക്കറ്റുകളും നഷ്‌ടപ്പെട്ടു. 30 പന്തില്‍ 15 റണ്‍സ് കണ്ടെത്തിയ കെയ്‌ല്‍ വെരെയ്‌ന, 17 പന്തില്‍ 12 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാം എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ടത്.
മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 153 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ബുംറ അഴിഞ്ഞാടിയതോടെ 176 റണ്‍സായിരുന്നു ആതിഥേയര്‍ നേടിയത്. എയ്‌ഡന്‍ മാര്‍ക്രത്തിന്‍റെ (103 പന്തില്‍ 106) സെഞ്ചുറി പ്രകടനത്തോടെയാണ് 79 റണ്‍സിന്‍റെ വിജയ ലക്ഷ്യം ഇന്ത്യയ്‌ക്ക് മുന്നില്‍ ഉയര്‍ത്താന്‍ പ്രോട്ടീസിന് കഴിഞ്ഞത്. പ്രോട്ടീസ് പേസര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.
ALSO READ:രോഹിത്തും കോലിയും വീണ്ടും ടി20യിലേക്ക് ; അവസാനിപ്പിക്കുന്നത് ഒരു വര്‍ഷത്തെ ഇടവേള