മുംബൈ: ഇന്ത്യന്‍ പേസ് നിരയില്‍ പ്രധാനിയായ ജസ്പ്രീത് ബുംറ കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ ടീമിന് പുറത്താണ്. മുതുകിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ ഏഷ്യ കപ്പ്, ടി20 ലോകകപ്പ്, ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഉള്‍പ്പെടെ 29കാരന് നഷ്‌ടമായിരുന്നു. നടക്കാനിരിക്കുന്ന ഐപിഎല്ലിലൂടെ ബുംറയ്‌ക്ക് തിരികെയെത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനും അവിഭാജ്യ ഘടകമാണ് ബുംറ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും ഈ വര്‍ഷം തന്നെ നടക്കാന്‍ ഇരിക്കുന്നതിനാല്‍ ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്. ഇതോടെ താരത്തിന്‍റെ ജോലി ഭാരം കുറയ്‌ക്കുകയും ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ ബിസിസിഐ ആവശ്യപ്പെട്ടാല്‍ ബുംറയെ വിട്ട് നല്‍കാന്‍ മുംബൈ ഇന്ത്യന്‍സ് തയ്യാറാവണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്ററും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഐപിഎല്ലിലെ ഏഴ് മത്സരങ്ങളും ബുംറ കളിച്ചില്ലെങ്കിലും ലോകം അവസാനിക്കാന്‍ പോകുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
"നിങ്ങൾ ആദ്യം ഒരു ഇന്ത്യൻ താരമാണ്. ഇതിന് ശേഷമാവണം നിങ്ങളുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കുന്നത്. അതിനാൽ, ബുംറയ്ക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ, ബിസിസിഐ ഇടപെട്ട് താരത്തെ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് ഫ്രാഞ്ചൈസിയോട് പറയും.
ഐപിഎല്ലില്‍ മുംബൈയ്‌ക്കായി ജോഫ്ര ആർച്ചര്‍ക്കൊപ്പം ബുംറ ഏഴ് മത്സരങ്ങൾ കളിച്ചില്ലെങ്കിലും ലോകം അവസാനിക്കാന്‍ പോകുന്നില്ല", ആകാശ് ചോപ്ര ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍ ജസ്പ്രീത് ബുംറ ബുംറ രാജ്യത്തിന്‍റെ നിധി:"ഫിറ്റായിരിക്കുമ്പോൾ, കളിക്കുന്നത് തുടരാൻ താരങ്ങള്‍ക്ക് ആഗ്രഹമുണ്ടാവും. അത് അവരുടെ പ്രകടനത്തെ മികച്ചതാക്കി മാറ്റുകയാണ് ചെയ്യുക. അതിനാൽ ബിസിസിഐ ഇടപെട്ടാൽ മുംബൈ ഇന്ത്യന്‍സ് അക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവൻ രാജ്യത്തിന്‍റെ നിധിയാണ്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ തോന്നുന്നത്ര ബുദ്ധിമുട്ടുണ്ടാവില്ല", ആകാശ് ചോപ്ര പറഞ്ഞു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം ഓസീസിനെതിരെ നടക്കുന്ന ഏകദിന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് ബുംറ ഇല്ലാതെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 29കാരന്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നത് മന്ദഗതിയിലാണെന്നും ബോര്‍ഡ് അറിയിച്ചിരുന്നു. നിലവില്‍ ഓസീസിനെതിരെ പുരോഗമിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്താന്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്.
നാല് മത്സര പരമ്പരയിലെ കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച ആതിഥേയര്‍ നിലവില്‍ പരമ്പരയില്‍ മുന്നിലാണ്. ബാക്കിയുള്ള മത്സരങ്ങള്‍ മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലും മാർച്ച് ഒമ്പതിന് അഹമ്മദാബാദിലുമാണ് ആരംഭിക്കുക. ഇവിടങ്ങളിലും ജയം പിടിക്കാനായാല്‍ ഇന്ത്യയ്‌ക്ക് പരമ്പര തൂത്തുവാരുന്നതിനൊപ്പം മറ്റ് ടീമുകളുടെ വിജയ-പരാജയങ്ങളെ ആശ്രയിക്കാതെ തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങാം.
ജൂൺ ഏഴിന് ലണ്ടനിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ നടക്കുക. തുടര്‍ന്ന് വർഷാവസാനം ഇന്ത്യയിൽ തന്നെയാണ് ഏകദിന ലോകകപ്പ് അരങ്ങേറുക.
ALSO READ:രാഹുലിനെതിരായ വിമര്‍ശനം; പ്രസാദിനെ നിര്‍ത്തിപ്പൊരിച്ച് ആകാശ് ചോപ്ര