വെല്ലിങ്ടണ്‍ : ഓൾ റൗണ്ടർ ജെയിംസ് നീഷാം കേന്ദ്ര കരാർ നിരസിച്ചതായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോര്‍ഡ്. വിദേശ ആഭ്യന്തര ലീഗുകളുമായി നീഷാം നേരത്തെ ഉണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തിലാണിതെന്ന് ബോര്‍ഡ് അറിയിച്ചു. ലഭ്യമാകുമ്പോൾ താരത്തെ വീണ്ടും പരിഗണിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന് പകരം പണത്തിന് പ്രാമുഖ്യം നല്‍കിയാണ് ജെയിംസ് നീഷാം കേന്ദ്ര കരാർ നിരസിച്ചതെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇതിന് മറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിലൂടെയാണ് നീഷാമിന്‍റെ വിശദീകരണം.
കരാർ സ്വീകരിക്കാൻ ജൂലൈയിൽ പദ്ധതിയിട്ടിരുന്നു. പട്ടികയില്‍ നിന്നും പുറത്തായതോടെയാണ് ലോകത്തെ മറ്റ് ലീഗുകളുമായി കരാറിലെത്തിയത്. ന്യൂസിലാൻഡ് ക്രിക്കറ്റുമായി വീണ്ടും കരാറിലെത്തുന്നതിനായി അതില്‍ നിന്നും പിന്മാറുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
ജെയിംസ് നീഷാം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത പ്രസ്‌താന തീരുമാനം പ്രയാസമേറിയതാണ്. പറഞ്ഞ വാക്കിൽ നിന്ന് പിന്മാറുന്നതിന് പകരം ആ പ്രതിബദ്ധതകളെ മാനിക്കുകയാണെന്നുമാണ് താരം വ്യക്തമാക്കിയത്. രാജ്യത്തിന് വേണ്ടി കളിക്കുന്നത് കരിയറിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും ഭാവിയില്‍ കിവീസ് ടീമിനായി കളിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും താരം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.
also read:ലോകകപ്പോടെ വിരാട് കോലി ടി20യില്‍ നിന്ന് വിരമിച്ചേക്കും ; പ്രവചനവുമായി ഷൊയ്‌ബ് അക്തര്‍
ട്രെന്‍റ് ബോൾട്ട്, കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ക്ക് പകരം ബ്ലെയർ ടിക്‌നര്‍, ഫിൻ അലന്‍ എന്നിവരുമായി ബോര്‍ഡ് കരാറില്‍ എത്തിയിട്ടുണ്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ആഭ്യന്തര ലീഗുകളില്‍ കളിക്കാനുമാണ് ബോള്‍ട്ട് കരാറില്‍ നിന്നും പിന്മാറിയത്. പരിക്കുകളെ തുടര്‍ന്ന് 36കാരനായ ഗ്രാന്‍ഡ്‌ഹോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു.