നാഗ്‌പൂർ : പന്തുരയ്‌ക്കൽ വിവാദവും അതിന് പിന്നാലെയുള്ള പുകിലുകളും ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് കെട്ടടങ്ങാതെ നിലനിൽക്കുന്നുണ്ട്. പന്തുരയ്‌ക്കൽ വിവാദത്തിൽപ്പെട്ട് ഓസ്‌ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണർക്കും, സ്റ്റീവ് സ്‌മിത്ത് എന്നിവർക്കും വിലക്ക് ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വന്നത് ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇപ്പോൾ ബോർഡർ- ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഒന്നാം ദിനം അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജക്കെതിരെ ഇത്തരം ഒരാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ആരാധകർ.
മത്സരത്തിനിടെ ജഡേജ വിരലിലും പന്തിലും കൃത്രിമം കാട്ടിയെന്ന ആരോപണവുമായാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിൽ വീഡിയോ സഹിതം പങ്കുവച്ചുകൊണ്ടിയിരുന്നു ആരോപണം. പന്തെറിയാനെത്തിയ ജഡേജയ്‌ക്ക് സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അത് വിരലിൽ ഉരച്ചുകൊണ്ട് നായകൻ രോഹിത് ശർമയുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്.
അതേസമയം ട്വിറ്ററിൽ ഒരു ഉപയോക്‌താവ് പങ്കുവച്ച വീഡിയോയ്‌ക്ക് താഴെ 'ഇൻട്രസ്‌റ്റിങ്' എന്ന കമന്‍റുമായി ഓസ്‌ട്രേലിയൻ മുൻ നായകൻ ടിം പെയ്‌ൻ എത്തിയത് ആരോപണങ്ങളുടെ മൂർച്ച കൂട്ടി. അതേസമയം പന്തിലല്ല വിരലിലാണ് ജഡേജ ആ വസ്‌തു ഉരയ്‌ക്കുന്നതെന്നും ഇതിൽ കൃത്രിമം ഒന്നും തന്നെയില്ലെന്നുമാണ് ഒരു പക്ഷത്തിന്‍റെ അഭിപ്രായം. അതേസമയം സംഭവത്തിൽ ഔദ്യോഗിക പ്രതികരണം ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
ആദ്യദിനം സ്വന്തമാക്കി ഇന്ത്യ : നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ജഡേജ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് കാഴ്‌ചവച്ചത്. ഒന്നാം ഇന്നിങ്‌സിൽ 22 ഓവർ എറിഞ്ഞ ജഡേജ 47 റണ്‍സ് വഴങ്ങി അഞ്ച് നിർണായക വിക്കറ്റുകളാണ് വീഴ്‌ത്തിയത്. മാർനസ് ലബുഷെയ്‌ൻ, സ്റ്റീവ് സ്‌മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്സ്‌കോമ്പ്, ടോഡ് മർഫി എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്.