പൂനെ: മൈതാനത്തിന്‍റെ നാല് പാടും പന്തടിച്ച് മിസ്റ്റര്‍ 360 ഡിഗ്രിയെന്ന വിശേഷണം ഇതിനകം തന്നെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സിന് മാത്രം സ്വന്തമായിരുന്ന വിശേഷണമായിരുന്നുവിത്. തന്‍റെ ശൈലിയോട് അടുത്തു നില്‍ക്കുന്ന കളിക്കാരനാണ് സൂര്യയെന്ന് സാക്ഷാല്‍ ഡിവില്ലിയേഴ്‌സ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്‌തമായ അഭിപ്രായമാണ് ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാനുള്ളത്. സൂര്യയെ എബിഡിയുമായി താരതമ്യം ചെയ്യാനാവില്ലെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.
"ഡിവില്ലിയേഴ്‌സിനെയും സൂര്യകുമാറിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്. എനിക്ക് തോന്നുന്നത് സൂര്യയെക്കാള്‍ ഡിവില്ലിയേഴ്‌സിന് കരുത്തുണ്ടായിരുന്നു എന്നാണ്. ലോങ് ഓഫിനും കവറിനും മുകളിലൂടെ തുടര്‍ച്ചയായി ഷോട്ട് കളിക്കുന്ന കാര്യത്തില്‍ ഡിവില്ലിയേഴ്‌സ് സൂര്യയെക്കാള്‍ മുന്നിലായിരുന്നു", ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
സൂര്യയെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറോട് താരതമ്യം ചെയ്യുന്നതാണ് നല്ലതെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ബട്‌ലറേക്കാള്‍ എന്തുകൊണ്ടും മുമ്പിലാണ് സൂര്യയെന്നും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.