ഡബ്ലിൻ: അയർലൻഡിനെതിരായ (Ireland) ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് (India) ജയം. ഡബ്ലിനിൽ (Dublin) കളി മുടക്കിയായി മഴ എത്തിയപ്പോൾ ഡക്ക്‌വർത്ത് ലൂയിസ് (Duckworth Lewis Method) നിയമപ്രകാരം രണ്ട് റൺസിനായിരുന്നു ടീം ഇന്ത്യ ജയം സ്വന്തമാക്കിയത്. ടോസ് നഷ്‌ടപെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഐറിഷ് പട 139 റൺസ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 6.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 47 റൺസ് എന്ന നിലയിൽ നിൽക്കെയാണ് കളി മഴ മുടക്കിയത്. തുടര്‍ന്ന് മഴ ഉടനൊന്നും നിർത്താൻ പോകുന്നില്ലെന്നും മത്സരം തുടരാൻ സാധ്യമല്ലെന്നും മനസിലാക്കിയതോടെയാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. കളി മതിയാക്കുമ്പോൾ നിയമപ്രകാരം രണ്ട് റൺസിന് മുന്നിലായിരുന്നു ടീം ഇന്ത്യ.
ഓപ്പണര്‍മാരായി ക്രീസിലെത്തിയ യശസ്വി ജയ്‌സ്വാളും (Yashasvi Jaiswal) റിതുരാജ് ഗെയ്‌ക്‌വാദും (Ruturaj Gaikwad) ചേര്‍ന്ന് നല്‍കിയ തുടക്കമാണ് ഇന്ത്യയ്‌ക്ക് തുണയായത്. ഇരുവരും ചേര്‍ന്ന് 6.2 ഓവറില്‍ 46 റണ്‍സ് നേടിയിരുന്നു. 23 പന്തില്‍ 23 റണ്‍സ് നേടിയ ജയ്‌സ്വാളിനെയാണ് ടീം ഇന്ത്യയ്‌ക്ക് ആദ്യം നഷ്‌ടപ്പെട്ടത്.
ക്രൈഗ് യങ്ങിന്‍റെ (Craig Young) പന്തില്‍ ഐറിഷ് നായകന്‍ പോള്‍ സ്റ്റിര്‍ലിങ്ങിന് (Paul Stirling) ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ മടങ്ങിയത്. പിന്നാലെ എത്തിയ തിലക് വര്‍മയ്‌ക്ക് (Tilak Varma) നേരിട്ട ആദ്യ പന്തില്‍ തന്നെ തിരികെ മടങ്ങേണ്ടി വന്നു. ലോറന്‍ ടക്കറിന് (Loran Tucker) ക്യാച്ച് നല്‍കിയാണ് തിലക് പുറത്തായത്. ഗോള്‍ഡന്‍ ഡക്കായി തിലക് പുറത്തായെങ്കിലും ടീം ഇന്ത്യ അപ്പോഴേക്കും ജയം ഉറപ്പിച്ചിരുന്നു.