ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ (Ireland vs India 2nd T20I) ഇന്ന് (ഓഗസ്റ്റ് 20) ഇറങ്ങും. ഡബ്ലിനിലെ വില്ലേജ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയം പിടിക്കാനായാല്‍ ജസ്‌പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനാകും. ഇതേ വേദിയില്‍ നടന്ന ആദ്യത്തെ കളിയില്‍ ടീം ഇന്ത്യ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ജയം കൈക്കലാക്കിയിരുന്നു.
ഇന്ന് രണ്ടാം മത്സരത്തിനായി ഇരു ടീമും ഇറങ്ങുമ്പോഴും മോശം കാലാവസ്ഥ മത്സരം തടസപ്പെടുത്തുമോ എന്ന ആശങ്കയിലാണ് കളിയാസ്വാദകര്‍. എന്നാല്‍, നിലവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പരമ്പരയിലെ രണ്ടാം മത്സരത്തെ മഴ തടസപ്പെടുത്തിയേക്കില്ലെന്ന ശുഭസൂചനയാണുള്ളത് (Ireland vs India 2nd T20I Weather). ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കും പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണിക്കുമാണ് (Ireland vs India 2nd T20I Match Time) മത്സരം ആരംഭിക്കുന്നത്.
ആദ്യ കളിയില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനിടെ ആയിരുന്നു മഴ എത്തിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍ഡ് 140 എന്നൊരു ഭേദപ്പെട്ട സ്‌കോറായിരുന്നു ഇന്ത്യയക്ക് മുന്നിലേക്ക് വച്ചത്. ഇത് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 47 റണ്‍സ് നേടി നിന്ന സമയത്തായിരുന്നു ഡബ്ലിനില്‍ മഴ ഇരച്ചെത്തിയത്.
റിതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) സഞ്ജു സാംസണ്‍ (Sanju Samson) എന്നിവര്‍ ആയിരുന്നു കളി മഴ മുടക്കിയ സമയം ഇന്ത്യയ്‌ക്കായി ക്രീസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് മത്സരം തടസപ്പെടുകയും ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.