അഹമ്മദാബാദ്:ഏപ്രില്‍ 9, ഐപിഎല്‍ പതിനാറാം പതിപ്പിലെ 13-ാം മത്സരം നടന്ന ദിവസം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിട്ടത്. അന്ന് ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരായ ഗുജറാത്ത് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തന്‍ ബാറ്റര്‍മാരെ ഒരു പരിധിവരെ പൂട്ടാന്‍ ഗുജറാത്ത് ബൗളര്‍മാര്‍ക്കായി. 205 എന്ന വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്ത 19 ഓവറില്‍ 176ന് 7 എന്നനിലയിലായിരുന്നു. ഗുജറാത്ത് ജയം പിടിക്കുമെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു അത്.
എന്നാല്‍, യാഷ് ദയാല്‍ എറിഞ്ഞ ആ മത്സരത്തിലെ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സ് പായിച്ച് റിങ്കു സിങ് കൊല്‍ക്കത്തയ്‌ക്ക് അവിശ്വസനീയമായൊരു ജയം സമ്മാനിച്ചു. ഈ മാജിക്കല്‍ ഇന്നിങ്‌സിന് പിന്നാലെ ഹീറോ ആയി റിങ്കു സിങ് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടം പിടിച്ചു. 20-ാം ഓവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയശേഷം നിറകണ്ണുകളുമായി മൈതാനത്തിരുന്ന യാഷ് ദയാല്‍ വില്ലനുമായി.
ആ മത്സരത്തിന് ശേഷം നടന്ന കളികളില്‍ ഗുജറാത്തിന്‍റെ സബ്‌സ്‌ടിറ്റ്യൂട്ട് താരങ്ങളുടെ പട്ടികയില്‍ പോലും ഇടം പിടിക്കാന്‍ യാഷ് ദയാലിനായില്ല. തുടര്‍ച്ചയായി യാഷ് ദയാലിന് അവസരം ലഭിക്കാത്തതിനെ കുറിച്ച് ചോദിച്ചിരുന്നപ്പോള്‍, താരം അസുഖ ബാധിതനായെന്നും ശരീരഭാരം കുറഞ്ഞിരിക്കുകയാണെന്നും ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഒരു മാസത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെയാണ് ദയാല്‍ കളിക്കളത്തിലേക്ക് മടങ്ങിെയെത്തിയത്.