മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കൊൽക്കത്തയ്‌ക്ക് വിജയം സമ്മാനിച്ചതിൽ നിർണായക പങ്ക് വഹിച്ചത് നിതീഷ് റാണയുടെ തകർപ്പൻ ഇന്നിങ്സായിരുന്നു. 37 പന്തിൽ മൂന്ന് ഫോറിന്‍റെയും രണ്ട് സിക്‌സിന്‍റയും അകമ്പടിയോടെ 48 റണ്‍സെടുത്ത താരം പുറത്താകാതെ നിന്നിരുന്നു. ഇപ്പോൾ ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സ് കളിക്കാനായതിന്‍റെ സന്തോഷം പങ്ക് വെയ്‌ക്കുകയാണ് താരം.
'എതിർ ടീം, നമ്മൾ പിന്തുടരുന്ന ടോട്ടൽ, ബാറ്റ് ചെയ്യുന്ന പൊസിഷൻ തുടങ്ങിയ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും മികച്ച പ്രകടനം നടത്തുന്നത്. കഴിഞ്ഞ ഏഴ്-എട്ട് വർഷങ്ങളായി ഞാൻ ഐപിഎൽ കളിക്കുന്നുണ്ട്. ടീമിന്‍റെ വിജയത്തിലേക്ക് നയിക്കുന്ന ഒരു ഇന്നിങ്സ് കളിക്കുന്നതിനായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത്തവണ അതിൽ ഞാൻ വിജയിച്ചു. തുടർന്നും ഇത്തരം ഇന്നിങ്സുകൾ കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ, റാണ പറഞ്ഞു.
ഒരു വശത്ത് ഞാൻ ഉണ്ടെങ്കിലും റിങ്കു, റസൽ, അനുകുൽ റോയ് തുടങ്ങിയ താരങ്ങൾ വിങ്ങിൽ കാത്തിരിക്കുമ്പോൾ കാര്യങ്ങൾ എളുപ്പമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞങ്ങളുടെ ബാറ്റിങ് നിര ശക്‌തമായിരുന്നു. പക്ഷേ എന്‍റെ റോൾ ഒരറ്റത്ത് നിന്ന് അടിച്ച് കളിക്കുക എന്നതായിരുന്നു. അതിലൂടെ ഞങ്ങൾക്ക് എളുപ്പത്തിൽ ലക്ഷ്യം പിന്തുടരാൻ സാധിക്കുമായിരുന്നു... റാണ പറഞ്ഞു.
ALSO READ:IPL 2022: വിജയവഴിയിൽ തിരിച്ചെത്തി കൊൽക്കത്ത; രാജസ്ഥാനെതിരെ തകർപ്പൻ ജയം
അതേസമയം 23 പന്തിൽ 42 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച റിങ്കു സിങിനെയും റാണ അഭിനന്ദിച്ചു. റിങ്കുവിനെ 5-6 വർഷമായി എനിക്കറിയാം. അവന്‍റെ പ്രകടനത്തിൽ ഞാൻ ഏറെ സന്തോഷവാനാണ്. ഒരവസം ലഭിച്ചാൽ ടീമിനായി മികച്ച പ്രകടനം കാഴ്‌ചവെയ്ക്കാൻ അവന് കഴിയും എന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇനിയും ഇത്തരം ഇന്നിങ്സുകൾ അവനിൽ നിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ,' റാണ കൂട്ടിച്ചേർത്തു.