മുംബൈ:ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയെ ആദരിക്കാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്. രോഹിത് നായകസ്ഥാനം ഏറ്റെടുത്തിട്ട് പത്ത് വര്‍ഷം ആകുന്ന സാഹചര്യത്തിലാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാകും ടീം താരത്തെ ആദരിക്കുക.
തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് ഇക്കാര്യം അറിയിച്ചത്. നായകന്‍ രോഹിതിന്‍റെ പത്ത് വര്‍ഷങ്ങള്‍ക്ക് രാജസ്ഥാനെതിരായ മത്സരം സമര്‍പ്പിക്കും എന്നായിരുന്നു ഫ്രാഞ്ചൈസി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നാളെ വാങ്കഡെയിലാണ് ഈ മത്സരം.
2013ലായിരുന്നു രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. സീസണിന്‍റെ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ് ആയിരുന്നു ടീം ക്യാപ്‌റ്റന്‍. എന്നാല്‍ പോണ്ടിങ്ങിന് കീഴില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നില്ല.
ഇതിന് പിന്നാലെയാണ് രോഹിത് മുംബൈയുടെ നായകനായെത്തിയത്. ക്യാപ്‌റ്റനായെത്തിയ അരങ്ങേറ്റ സീസണില്‍ തന്നെ മുംബൈയെ ഐപിഎല്‍ കിരീടത്തിലെത്തിക്കാന്‍ രോഹിതിനായി. തുടര്‍ന്ന് രോഹിതിന് കീഴില്‍ നാല് പ്രാവശ്യം മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ഉയര്‍ത്തി.
Also Read :IPL 2023 | 'ആ റണ്‍ഔട്ടില്‍ ഞാന്‍ അഭിമാനിക്കും'; എംഎസ് ധോണിയുടെ ത്രോയില്‍ പുറത്തായ ധ്രുവ് ജുറെല്‍
2015, 2017, 2019, 2020 വര്‍ഷങ്ങളിലായിരുന്നു പിന്നീട് രോഹിതിന് കീഴില്‍ മുംബൈ കിരീടം നേടിയത്. ഏറ്റവും കഠിനമായ ഒരു സമയത്തായിരുന്നു താന്‍ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്തതെന്ന് 2013ലെ കിരീട നേട്ടത്തിന് ശേഷം ഐപിഎല്‍ വെബ്‌സൈറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജന്മദിനത്തില്‍ കെകെആറിനെ തോല്‍പ്പിച്ച് നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ജയം നേടാന്‍ രോഹിതിനായി.
'വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു അത്. പെട്ടന്ന് ഈ ജോലി ഏറ്റെടുക്കുക എന്നത് ഒരിക്കലും ഒരു എളുപ്പമായ കാര്യമായിരുന്നില്ല. എന്നാല്‍ റിക്കി പോണ്ടിങ് പിന്മാറിയതിന് പിന്നാലെ നായകസ്ഥാനം ഏറ്റെടുത്തത് മുതല്‍ ഇതുവരെയുള്ള സമയം ഞാന്‍ ശരിക്കും ആസ്വദിച്ചു.
നേരത്തെ രണ്ട് വര്‍ഷം ഞാന്‍ ടീമിന്‍റെ വൈസ് ക്യാപ്‌റ്റനായിരുന്നു. അതുകൊണ്ട് തന്നെ ഉത്തരവാദിത്തം എന്‍റെ ചുമലിലേക്ക് എത്തുമെന്ന് എനിക്ക് നേരത്തെ തന്നെ ഉറപ്പുണ്ടായിരുന്നു. എന്‍റെ ജന്മനാടായ മുംബൈക്കായി ഐപിഎല്‍ കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞത് തന്നെ വളരെ സന്തോഷകരമായ ഒരു കാര്യമാണ്.
എളുപ്പമുള്ള വിജയങ്ങളായിരുന്നില്ല ഇവയൊന്നും. ശരിക്കും സന്തോഷം നിറഞ്ഞ സമയങ്ങളായിരുന്നു ഇത്', രോഹിത് ശര്‍മ 2013 ഐപിഎല്‍ വിജയത്തിന് ശേഷം പറഞ്ഞു. 2013 മുതല്‍ ഇതുവരെ 149 മത്സരങ്ങളിലാണ് രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സ് കളത്തിലിറങ്ങിയത്. അതില്‍ 81 എണ്ണത്തില്‍ മുംബൈ ജയിച്ചിരുന്നു. രോഹിതിന് കീഴില്‍ മുംബൈ ഇന്ത്യന്‍സ് കളിക്കുന്ന 150-ാം മത്സരമാണ് നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെ.
Also Read :IPL 2023| 'ഇത് ആദ്യമല്ല, മുന്‍ സീസണുകളിലും ഇങ്ങനെ തന്നെ'; രോഹിത് ശര്‍മ്മയുടെ പ്രകടനത്തില്‍ മുന്‍ ഓസീസ് താരം