ചെന്നൈ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം പതിപ്പില്‍ മോശം പ്രകടനം തുടരുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. സീസണില്‍ മുംബൈ കളിച്ച പത്ത് മത്സരങ്ങളിലും കളത്തിലിറങ്ങിയ രോഹിത് 184 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്. ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് രോഹിത്തിന് നേടാനായത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ പതിവ് ഓപ്പണിങ് സ്ലോട്ടില്‍ നിന്നുമാറി മൂന്നാം നമ്പറിലായിരുന്നു മുംബൈ നായകന്‍ ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ ബാറ്റിങ് പൊസിഷന്‍ മാറിയിട്ടും താരത്തിന് തിളങ്ങാനായില്ല. മത്സരത്തില്‍ മൂന്ന് പന്ത് നേരിട്ട രോഹിത് അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ പുറത്താവുകയായിരുന്നു.
ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ദീപക് ചഹാറായിരുന്നു ഹിറ്റ്‌മാനെ വീഴ്‌ത്തിയത്. ഇതിന് മുന്‍പ് പഞ്ചാബിനെതിരായ മത്സരത്തിലും മൂന്ന് പന്ത് നേരിട്ട രോഹിത് റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്ക് ആയതിന് പിന്നാലെ മുംബൈ നായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ചെന്നൈക്കെതിരെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രോഹിത് തന്‍റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
'മത്സരത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് രോഹിത് ചിന്തിച്ചിരുന്നോ എന്നുപോലും അറിയില്ല. ഇന്ന് അവന്‍ കളിച്ച ഷോട്ട് ഒരിക്കലും ഒരു നായകന് ചേര്‍ന്നതല്ല. ടീം പ്രതിരോധത്തിലാണെന്ന് മനസിലാക്കി മികച്ച ഇന്നിങ്‌സിലൂടെ ടീമിനെ രക്ഷപ്പെടുത്തുക എന്നതാണ് ഒരു നായകന്‍റെ ചുമതല' - ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
More Read :IPL 2023| 'ഹിറ്റ്‌മാനോ അതോ ഡക്ക്‌മാനോ'?; ഐപിഎല്ലില്‍ മോശം റെക്കോഡിട്ട് രോഹിത് ശര്‍മ