കേരളം

kerala

ETV Bharat / sports

'അമ്മയ്‌ക്ക് നൽകിയ വാക്ക്'; പ്രതിസന്ധികളെ നേരിട്ട കരുത്ത്, 'പവറാണ് പവൽ'

ദാരിദ്ര്യത്തിന്‍റെ പടുകുഴിയിൽ നിന്നാണ് ഐപിഎല്ലിന്‍റെ ലോകത്തിലേക്ക് റോവ്‌മാൻ പവൽ എന്ന വിൻഡിസ് താരം എത്തിപ്പെട്ടത്. 2.80 കോടിക്കാണ് ഡൽഹി പവലിനെ സ്വന്തമാക്കിയത്.

'അമ്മയ്‌ക്ക് നൽകിയ വാക്കാണ് കരുത്ത്'; പ്രതിസന്ധികളെ പോരാടി നേടിയ വിജയം, 'പവറാണ് പവൽ'
'അമ്മയ്‌ക്ക് നൽകിയ വാക്കാണ് കരുത്ത്'; പ്രതിസന്ധികളെ പോരാടി നേടിയ വിജയം, 'പവറാണ് പവൽ'

By

Published : May 6, 2022, 2:51 PM IST

മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 15-ാം സീസണിലെ പവർ ഹിറ്റർ ആയി മാറിയിരിക്കുകയാണ് റോവ്‌മാൻ പവൽ എന്ന വെസ്റ്റ് ഇൻഡീസ് താരം. ഏത് ബൗളറെയും തലങ്ങും വിലങ്ങും പായിക്കാൻ കഴിവുള്ള താരം എന്ന് തുടരെത്തുടരെയുള്ള മികച്ച പ്രകടനങ്ങളിലൂടെ പവൽ ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ താരത്തിന്‍റെ കഷ്‌ടതകൾ നിറഞ്ഞ ബാല്യകാല ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിൻഡീസ് മുൻ താരമായ ഇയാൻ ബിഷപ്പ്.

ഒരു 10 മിനിട്ട് മാറ്റിവെയ്‌ക്കാൻ ഉണ്ടെങ്കിൽ നിങ്ങൾ യൂ ട്യൂബിലുള്ള റോവ്‌മാൻ പവലിന്‍റെ ജീവിത കഥ വിശദീകരിക്കുന്ന വീഡിയോ ഒന്ന് കാണണം. പവലിന് ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഉൾപ്പെടെയുള്ളവർ ഇത്രയേറെ സന്തോഷിക്കുന്നതിന്‍റെ കാരണം അപ്പോൾ നിങ്ങൾക്ക് പിടികിട്ടും. ബിഷപ് പറഞ്ഞു.

ദാരിദ്ര്യത്തിന്‍റെ പടുകുഴിയിൽ നിന്നാണ് ഐപിഎല്ലിന്‍റെ ലോകത്തിലേക്ക് പവൽ എത്തിപ്പെട്ടത്. തന്‍റെ കുടുംബത്തിന്‍റെ പട്ടിണി മാറ്റുമെന്ന് സ്‌കൂൾ പഠന കാലത്ത് അമ്മയ്‌ക്ക് ഉറപ്പ് നൽകിയിരുന്നു. ആ ലക്ഷ്യമാണ് പവലിനെ കരുത്തനാക്കി മാറ്റിയത്. മഹത്തായ ജീവിത കഥയാണ് അവന്‍റേത്, ബിഷപ് വ്യക്‌തമാക്കി.

ALSO READ:'5-ാം നമ്പരിൽ എന്നെ വിശ്വസിക്കൂ'; ആ ഉറപ്പ് വെളിപ്പെടുത്തി റോവ്‌മാൻ പവൽ

കരീബിയൻ മണ്ണിൽ ആദിൽ റഷീദും, മൊയിൻ അലിയും ഉൾപ്പെട്ട ടീമിനെതിരെ പവൽ നേടിയ സെഞ്ച്വറിയെക്കുറിച്ച് ഞാൻ ഇന്നും ആലോചിക്കാറുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കരുത്തുറ്റ സ്‌പിന്നർമാരുള്ള ഇന്ത്യക്കെതിരെ 43 റണ്‍സ് ശരാശരിയിലാണ് പവൽ ബാറ്റ് ചെയ്‌തത്. ഇപ്പോൾ പവലിന്‍റെ കളിയിൽ മാറ്റം വന്നിട്ടുണ്ട്. പേസർമാർക്കെതിരെയും തകർപ്പൻ പ്രകടനമാണ് അവൻ കാഴ്‌ചവെക്കുന്നത്, ബിഷപ് കൂട്ടിച്ചേർത്തു.

ജമൈക്കയിലെ ബാനിസ്റ്റർ ജില്ലയിലെ ഓൾഡ് ഹാർബറിലാണ് പവലിന്‍റെ ജനനം. അമ്മയും സഹോദരിയും ഉൾപ്പെടുന്ന കുടുംബം പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും കഷ്‌ടതകൾ അനുഭവിച്ചാണ് ജീവിതം തള്ളി നീക്കിയിരുന്നത്. 2016ൽ തന്‍റെ 22-ാം വയസിൽ ശ്രീലങ്കക്കെതിരെയായിരുന്നു പവലിന്‍റെ ഏകദിന അരങ്ങേറ്റം. ഏകദിനത്തിൽ 37 മത്സരങ്ങളിൽ നിന്നായി 786 റണ്‍സും ടി20യിൽ 39 മത്സരങ്ങളിൽ നിന്ന് 619 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details