ബെംഗളൂരു:ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ജയന്‍റ്‌സിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബിക്ക് വിരാട് കോലിയും നായകന്‍ ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 56 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ആര്‍സിബി ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസ് തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ വിരാട് കോലിയാണ് ലഖ്‌നൗ ബോളര്‍മാരെ കടന്നാക്രമിച്ച് റണ്‍സ് ഉയര്‍ത്തിയത്.
മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കോലി 44 പന്തില്‍ 61 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും നാല് സിക്‌സറും അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ഐപിഎല്‍ 2023ലെ താരത്തിന്‍റെ രണ്ടാം അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്.
ലഖ്‌നൗവിനെതിരെ 35 പന്തിലാണ് വിരാട് കോലി അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആദ്യം നേരിട്ട 25 പന്തില്‍ നിന്നും 42 റണ്‍സ് കോലി സ്‌കോര്‍ ചെയ്‌തിരുന്നു. പിന്നാലെ അടുത്ത എട്ട് റണ്‍സ് നേടാനായി 10 പന്താണ് കോലിക്ക് കളിക്കേണ്ടി വന്നത്.
കോലിയുടെ സ്കോറിങ്ങിന്‍റെ വേഗതയില്‍ കുറവുണ്ടായതിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ന്യൂസിലന്‍ഡ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൗള്‍ രംഗത്തെത്തിയിരുന്നു. വ്യക്തിഗത നേട്ടത്തിലേക്കെത്തുന്നതിനെ കുറിച്ച് കോലിക്ക് ആശങ്കയുണ്ടെന്ന് സൈമണ്‍ ഡൗള്‍ പറഞ്ഞു. മത്സരത്തിന്‍റെ തത്സമയ സംപ്രേഷണത്തിനിടെയാണ് ഡൗളിന്‍റെ പ്രതികരണം.
'ഒരു ട്രെയിന്‍റെ വേഗത്തിലാണ് കോലി തന്‍റെ ഇന്നിങ്‌സ് തുടങ്ങി വച്ചത്. മികച്ച ധാരാളം ഷോട്ടുകള്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ 42 ല്‍ നിന്നും 50 എന്ന സ്‌കോറിലേക്ക് എത്താന്‍ വിരാടിന് പത്ത് പന്തുകളാണ് ഇവിടെ നേരിടേണ്ടി വന്നത്.