ചെന്നൈ :ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മിഡില്‍ ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമാണ് ശിവം ദുബെ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ദുബെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയത്. എന്നാല്‍ ചെന്നൈയിലേക്കെത്തിയപ്പോള്‍ ദുബെയുടെ പ്രകടനം അപ്പാടെ മാറി.
അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 11 മത്സരം കളിച്ച ദുബെ 289 റണ്‍സായിരുന്നു നേടിയത്. 156.52 പ്രഹരശേഷിയിലായിരുന്നു താരം റണ്‍സ് കണ്ടെത്തിയത്. ഇക്കുറി അഞ്ച് മത്സരങ്ങളില്‍ താരം ചെന്നൈയ്ക്കായി കളത്തിലിറങ്ങി 134 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ നേടിയ 52 റണ്‍സാണ് സീസണിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. ഈ മത്സരത്തില്‍ 27 പന്ത് നേരിട്ട ദുബെ അഞ്ച് സിക്‌സറുകളും പറത്തിയിരുന്നു. ഇതിന് പിന്നാലെ ശിവം ദുബെ ഉള്‍പ്പടെയുള്ള താരങ്ങള്‍ എംഎസ് ധോണിക്ക് കീഴില്‍ മറ്റൊരു തലത്തിലുള്ള പ്രകടനങ്ങളാണ് നടത്തുന്നതെന്ന അഭിപ്രായവുമായി ആകാശ് ചോപ്ര ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിഎസ്‌കെയില്‍ തന്‍റെ പ്രകടനത്തിന്‍റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തി ശിവം ദുബെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചെന്നൈ നായകന്‍ എംഎസ് ധോണി നല്‍കിയ ഒരു ഉപദേശം തനിക്ക് വലിയ പ്രചോദനമാണ് സമ്മാനിച്ചതെന്ന് ദുബെ പറഞ്ഞു. സിഎസ്‌കെ ടിവിയിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ശിവം ദുബെയുടെ പ്രതികരണം.