കൊല്‍ക്കത്ത: ശ്രേയസ് അയ്യരുടെ പരിക്കിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മറ്റൊരു തിരിച്ചടി. ടീമിന്‍റെ പ്രധാന ഓള്‍റൗണ്ടര്‍മാരിലൊരാളായ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഇത്തവണ ഐപിഎല്ലിനെത്തില്ല. ഇക്കാര്യം താരം ടീമിനെ ഔദ്യോഗികയി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അന്താരാഷ്‌ട്ര മത്സരങ്ങളുടെ തിരക്കും വ്യക്തിപരമായ കാരണങ്ങളും മൂലമാണ് സ്റ്റാര്‍ ഓള്‍റൗണ്ടറുടെ പിന്മാറ്റം. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ ഓള്‍ റൗണ്ടറെ കഴിഞ്ഞ താരലേലത്തില്‍ 1.5 കോടി രൂപയ്‌ക്കായിരുന്നു കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍, ഇപ്പോള്‍ താരത്തിന്‍റെ പിന്മാറ്റം ടീമിന്‍റെ മുന്നോട്ടുള്ള യാത്രയെ എങ്ങനെ ബാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
നിലവില്‍ ഇന്ന് അയര്‍ലന്‍ഡിനെതിരായി ആരംഭിച്ച ടെസ്റ്റ് മത്സരത്തില്‍ ഷാക്കിബ് ബംഗ്ലാദേശിന് വേണ്ടി കളിക്കുന്നുണ്ട്. അതേസമയം, മറ്റൊരു ബംഗ്ലാ താരമായ ലിറ്റണ്‍ ദാസ് ഈ പരമ്പരയ്‌ക്ക് ശേഷം മെയ് ഒന്നിന് മാത്രമെ കൊല്‍ക്കത്തന്‍ ക്യാമ്പില്‍ ചേരൂവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഷാക്കിബിന്‍റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളും കൊല്‍ക്കത്ത ടീം ആരംഭിച്ചതായാണ് സൂചന.
ഷാക്കിബിന്‍റ പകരക്കാരനാകാന്‍ ഇവരിലൊരാളോ...?:അഫ്‌ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബി, ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍, ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് എന്നിവരില്‍ ഒരാള്‍ ഷാക്കിബിന്‍റെ പകരക്കാരനായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ എത്താനാണ് സാധ്യത.
മുഹമ്മദ് നബി: 2017-21 വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായാണ് അഫ്‌ഗാന്‍ താരം മുഹമ്മദ് നബി കളിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത ടീമിനൊപ്പമായിരുന്നു നബി. എന്നാല്‍ ടീമിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് കൊല്‍ക്കത്ത വിട്ട താരത്തെ ഇക്കുറി താരലേലത്തില്‍ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിയും താത്‌പര്യപ്പെട്ടില്ല.