അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പ് അറിയപ്പെടാന്‍ പോകുന്നത് ഗുജറാത്ത് ടൈറ്റന്‍സ് യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ പേരിലാകും. ബാറ്റ് കൊണ്ട് ഈ സീസണില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കായി തകര്‍പ്പന്‍ പ്രകടനമാണ് 23കാരനായ താരം പുറത്തെടുക്കുന്നത്. ഒരു മത്സരം ശേഷിക്കെ ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്ത് ഗില്ലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
സീസണിലെ 16 മത്സരത്തില്‍ നിന്നും ഗുജറാത്തിനായി 851 റണ്‍സാണ് ശുഭ്‌മാന്‍ ഗില്‍ ഇതുവരെ നേടി. മൂന്ന് സെഞ്ച്വറികൾ അടിച്ചെടുത്ത ഗില്‍ ഇതിനോടകം തന്നെ നിരവധി റെക്കോഡുകളും തന്‍റെ പേരിലേക്ക് മാറ്റിയെഴുതിയിട്ടുണ്ട്. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാനിറങ്ങുമ്പോഴും ഹാര്‍ദിക്കിന്‍റെയും സംഘത്തിന്‍റെയും റണ്‍സ് പ്രതീക്ഷ ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിലാണ്.
രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഗില്‍ നേടിയ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഐപിഎല്‍ ചരിത്രത്തില്‍ തങ്ങളുടെ ഉയര്‍ന്ന ടോട്ടല്‍ ഗുജറാത്ത് ടൈറ്റന്‍സ് കണ്ടെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട് ഗുജറാത്തിലേക്ക് എത്തിയ ഗില്‍ ആദ്യ സീസണ്‍ മുതല്‍ തന്നെ അവരുടെ പ്രധാന താരങ്ങളിലൊന്നായി മാറി. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഉള്‍പ്പടെ ഗുജറാത്തിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു.
പത്ത് ടീമുകളുമായി പുതിയ രൂപത്തില്‍ ഐപിഎല്‍ എത്തിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സില്‍ നിന്നും എട്ട് കോടിക്കായിരുന്നു ശുഭ്‌മാന്‍ ഗില്ലിനെ ടൂര്‍ണമെന്‍റിലേക്ക് പുതിയതായി എത്തിയ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഗില്ലിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും റാഷിദ് ഖാനെയും ഗുജറാത്ത് ടീമിലെത്തിച്ചിരുന്നു. പിന്നാലെ ഇവര്‍ മൂവരും ടീമിന്‍റെ പ്രധാന താരങ്ങളായി മാറുകയായിരുന്നു.