മുംബൈ: 16.25 കോടി മുടക്കി ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനെ എന്തിന് രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കി. 2021 സീസണിലേക്കുള്ള താരലേലത്തിന് പിന്നാലെ ഉയര്‍ന്ന ചോദ്യത്തിന് ഒടുവില്‍ മറുപടി. താരത്തിന്‍റെ തകര്‍പ്പൻ ബാറ്റിങ്ങിന്‍റെ കരുത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മൂന്ന് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. 18 പന്തില്‍ നാല് സിക്‌സുകളുടെ അകമ്പടിയോടെ 36 റണ്‍സെടുത്താണ് മോറിസ് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത് രാജസ്ഥാൻ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലെ നാലാം പന്ത് സിക്‌സറിന് പറത്തിയ ക്രിസ് മോറിസിലൂടെ രാജസ്ഥാൻ മറികടന്നു. സീസണില്‍ രാജസ്ഥാൻ റോയല്‍സിന് ആദ്യ ജയവും ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ തോല്‍വിയും.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയുടെ തുടക്കം പാളി. ടീം സ്‌കോര്‍ 37ല്‍ എത്തിയപ്പോഴേക്കും നാല് കരുത്തരെ ഡല്‍ഹിക്ക് നഷ്‌ടമായി. പൃഥ്വി ഷാ (2), ശിഖര്‍ ധവാൻ (9), അജിങ്ക്യ രഹാനെ (8), സ്‌റ്റോയിണിസ് (0) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോള്‍ ടീം വിറച്ചു. ശിഖര്‍ ധവാനെ പുറത്താക്കാൻ സഞ്‌ജു എടുത്ത അവിശ്വസനീയ ക്യാച്ച് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ സാഹചര്യം മനസിലാക്കി കളിച്ച ക്യാപ്‌റ്റൻ റിഷഭ് പന്ത് മറുവശത്തുണ്ടായിരുന്നു. 32 പന്തില്‍ 51 റണ്‍സെടുത്ത പന്തിന് പിന്തുണയുമായി ലളിത് യാദവും (20), ടോം കുറാനും (21) പിടിച്ചുനിന്നു. ക്രിസ് വോക്‌സ് 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നതോടെ ടീം സ്കോര്‍ കഷ്‌ടിച്ച് 147ല്‍ എത്തി.