ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ തന്‍റെ മോശം പ്രകടനം തുടരുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും പൂജ്യത്തിനാണ് രോഹിത് പുറത്തായത്. പതിവ് സ്ഥാനമായ ഓപ്പണിങ്ങില്‍ നിന്നും മാറി മൂന്നാം നമ്പറിലെത്തിയ ഹിറ്റ്‌മാന് ഇത്തവണയും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.
മൂന്ന് പന്തുകള്‍ നേരിട്ട താരത്തെ ദീപക് ചഹാറിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജ പിടികൂടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ നായകന്‍ പൂജ്യത്തിന് പുറത്താവുന്നത്. പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിലും മൂന്ന് പന്തുകള്‍ മാത്രമായിരുന്നു രോഹിത്തിന്‍റെ ആയുസ്.
ചെന്നൈക്കെതിരായ മത്സരത്തില്‍ പൂജ്യത്തിന് വീണതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ നായകനും താരവുമായിരിക്കുകയാണ് രോഹിത്. നായകനെന്ന നിലയില്‍ 11-ാം തവണയാണ് രോഹിത് ഡക്കായി മടങ്ങിയത്. ഇതോടെ 10 തവണ പൂജ്യത്തിന് പുറത്തായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മുന്‍ നായകന്‍ ഗൗതം ഗംഭീറാണ് രക്ഷപ്പെട്ടത്.
കളിക്കാരനെന്ന നിലയിലാവട്ടെ ഇതു 16-ാം തവണയാണ് രോഹിത് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ മടങ്ങുന്നത്. ഇതോടെ 15 തവണ വീതം പൂജ്യത്തിന് പുറത്തായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്ന്‍, പഞ്ചാബ് കിങ്‌സിന്‍റെ മുന്‍ താരം മന്‍ദീപ് സിങ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് എന്നിവര്‍ രോഹിത്തിന്‍റെ പിന്നിലായി. 14- തവണ ഡക്കായി മടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റാഡിഡുവാണ് പിന്നിലുള്ളത്.