മൊഹാലി:ഐപിഎല്‍ പതിനാറാം പതിപ്പില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയ്‌ക്ക് ബാറ്റ് കൊണ്ട് ഇതുവരെയും തിളങ്ങാനായിട്ടില്ല. സീസണിലെ ആദ്യ ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 20.44 ശരാശരിയില്‍ 184 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. ഇതുവരെ ആകെ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് ഇക്കുറി രോഹിതിന്‍റെ പേരിലുള്ളത്.
മൊഹാലിയില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും രോഹിത് മികവിലേക്ക് ഉയര്‍ന്നിരുന്നില്ല. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനെത്തിയ മുംബൈ ഓപ്പണര്‍ ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ തന്നെ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. റിഷി ധവാനായിരുന്നു രോഹിതിനെ അക്കൗണ്ട് തുറക്കും മുന്‍പ് പുറത്താക്കിയത്.
ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഡക്കിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലൊന്നും രോഹിതിന്‍റെ പേരിലായി. താരത്തിന്‍റെ പതിനഞ്ചാം ഐപിഎല്‍ ഡക്കായിരുന്നു ഇത്. ദിനേശ് കാര്‍ത്തിക്, മന്‍ദീപ് സിങ്, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ക്കൊപ്പമാണ് രോഹിതും ഈ നാണക്കേടിന്‍റെ റെക്കോഡ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലേക്കെത്തിയത്.
കൂടാതെ ഏറ്റവും കൂടുതല്‍ തവണ ഒറ്റ അക്ക സ്‌കോറുകളില്‍ പുറത്താകുന്ന താരമായും രോഹിത് ശര്‍മ മാറി. 70 പ്രാവശ്യമാണ് ഐപിഎല്‍ ചരിത്രത്തില്‍ രോഹിത് ശര്‍മ സിംഗിള്‍ ഡിജിറ്റ് സ്‌കോറുകള്‍ക്ക് പുറത്താകുന്നത്. ഈ സീസണില്‍ നേരത്തെ മൂന്ന് പ്രാവശ്യവും രോഹിത് രണ്ടക്കം കടക്കാതെ മടങ്ങിയിരുന്നു.
Also Read :IPL 2023| 'ഇത് ആദ്യമല്ല, മുന്‍ സീസണുകളിലും ഇങ്ങനെ തന്നെ'; രോഹിത് ശര്‍മ്മയുടെ പ്രകടനത്തില്‍ മുന്‍ ഓസീസ് താരം
സീസണിന്‍റെ തുടക്കത്തില്‍ ആര്‍സിബി, സിഎസ്‌കെ ടീമുകള്‍ക്കെതിരെ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ ഹിറ്റ്‌മാന് കഴിഞ്ഞിരുന്നില്ല. 1, 21 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സമ്പാദ്യം. മൂന്നാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയ രോഹിത് അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്.
45 പന്തില്‍ നിന്നും 65 റണ്‍സ് ഈ മത്സരത്തില്‍ രോഹിത് നേടിയിരുന്നു. സീസണില്‍ മുംബൈ ആദ്യ ജയം നേടിയ മത്സരം കൂടിയായിരുന്നു ഇത്. പിന്നാലെ കെകെആര്‍ (20), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (28) ടീമുകളോടും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ രോഹിതിനായില്ല.
പഞ്ചാബിനെതിരെ സീസണില്‍ ആദ്യം നടന്ന മത്സരത്തില്‍ 44 റണ്‍സ് രോഹിത് നേടിയിരുന്നു. പിന്നാലെ നടന്ന മൂന്ന് മത്സരങ്ങളിലും അഞ്ച് റണ്‍സിന് മുകളിലേക്ക് സ്വന്തം സ്‌കോര്‍ കടത്താന്‍ മുംബൈ നായകന് ആയില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് പന്തില്‍ രണ്ട്, രാജസ്ഥാന്‍ റോയല്‍സിനോട് അഞ്ച് പന്തില്‍ മൂന്ന് എന്ന സ്‌കോറിന് പുറത്തായതിന് പിന്നാലെയായിരുന്നു പഞ്ചാബിനേട് ഡക്ക് ആയി പുറത്തായത്.
അതേസമയം, പഞ്ചാബിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയമാണ് മൊഹാലിയില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ സന്ദര്‍ശകരായ മുംബൈ മറികടന്നു. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് മുംബൈക്ക് മിന്നും ജയം സമ്മാനിച്ചത്.
More Read :IPL 2023| പക, അത് വീട്ടാനുള്ളതാണ്.. ആളിക്കത്തി ഇഷാനും സൂര്യയും; പഞ്ചാബിനെ പഞ്ചറാക്കി മുംബൈ