ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു. ആവേശം അവസാന പന്ത് വരെ നീണ്ട കളിയില്‍ എട്ട് റണ്‍സിനായിരുന്നു ചെന്നൈ ജയം പിടിച്ചത്. ഈ തോല്‍വിക്ക് പിന്നാലെ ടീമിനെ തേടിയെത്തിയ വാര്‍ത്തയും നിരാശ നല്‍കുന്നതാണ്.
ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് പിഴ വിധിച്ചിരിക്കുകയാണ് ബിസിസിഐ. മാച്ച് ഫീയുടെ 10 ശതമാനമാണ് കോലിക്ക് പിഴ വിധിച്ചിരിക്കുന്നത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്‍റെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള കുറ്റമാണ് കോലി ചെയ്‌തത്. താരം കുറ്റം സമ്മതിച്ചതായി ഇതു സംബന്ധിച്ച് പ്രസ്‌താവനയില്‍ ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
പിഴയുടെ കാരണം പ്രത്യേകമായി പരാമർശിച്ചിട്ടില്ല. എന്നാല്‍ ചെന്നൈ ബാറ്റര്‍ ശിവം ദുബെ പുറത്തായപ്പോള്‍ 34കാരനായ കോലി നടത്തിയ അതിരുകടന്ന ആഘോഷമാവാം നടപടിക്ക് കാരണമെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നിതീഷ് റാണയെ പുറത്താക്കിയതിന് ശേഷമുള്ള സമാനമായ പെരുമാറ്റത്തിന് മുംബൈ ഇന്ത്യൻസ് സ്‌പിന്നർ ഹൃത്വിക് ഷോക്കീനും സമാനമായ പിഴ ലഭിച്ചിരുന്നു.
നിലം തൊടിക്കാതെ ദുബെയും കോണ്‍വേയും: ബാംഗ്ലൂരിനെതിരെ ആക്രമണോത്സുക പ്രകടനമായിരുന്നു ശിവം ദുബെ നടത്തിയത്. 27 പന്തില്‍ രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളും സഹിതം 52 റണ്‍സ് അടിച്ച് കൂട്ടിയ താരം ബാംഗ്ലൂര്‍ ബോളര്‍മാരെ നിലം തൊടാന്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ വെയ്ൻ പാർനെലിന്‍റെ പന്തില്‍ മുഹമ്മദ് സിറാജ് പിടികൂടിയ ദുബെ മടങ്ങുമ്പോള്‍ ചെന്നൈ ശക്തമായ നിലയില്‍ എത്തിയിരുന്നു.