കേരളം

kerala

ETV Bharat / sports

IPL 2023 | 'സഞ്‌ജുവിലെ നായകന്‍ ഒരുപാട് വളര്‍ന്നു'; റോയല്‍സ് ക്യാപ്‌റ്റന് പ്രശംസയുമായി രവി ശാസ്‌ത്രി - ഐപിഎല്‍ 2023

നേരത്തെ സഞ്‌ജു സാംസണിന്‍റെ ക്യാപ്‌റ്റന്‍സി എംഎസ് ധോണിയുടേതിന് സമാനമാണെന്നും രവി ശാസ്‌ത്രി പറഞ്ഞിരുന്നു.

IPL 2023  Sanju Samson  Ravi Shastri  Rajasthan Royals  RRvGT  Sanju Samson Captaincy  Sanju Samson IPL  Ravi Shastri About Sanju Samson  സഞ്‌ജു സാംസണ്‍  രവി ശാസ്‌ത്രി  ഐപിഎല്‍  ഐപിഎല്‍ 2023  രാജസ്ഥാന്‍ റോയല്‍സ്
Sanju

By

Published : May 5, 2023, 12:40 PM IST

ജയ്‌പൂര്‍:ഐപിഎല്‍ പതിനാറാം പതിപ്പിലെ തങ്ങളുടെ പത്താം മത്സരത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. റോയല്‍സിന്‍റെ പ്രധാന ഹോം ഗ്രൗണ്ടായ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈ ഇന്ത്യന്‍സിനോട് അവസാന മത്സരം പരാജയപ്പെട്ട രാജസ്ഥാന്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്‌ത്തി വിജയവഴിയില്‍ തിരികെയെത്താനുള്ള ശ്രമത്തിലാണ്.

ഗുജറാത്തിനെ നേരിടാന്‍ ഇറങ്ങുന്നതിന് മുന്‍പായി രാജസ്ഥാന്‍ റോയല്‍സ് നായകനെ പ്രശംസിച്ച് രവി ശാസ്‌ത്രി രംഗത്തെത്തി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റോയല്‍സിനെ മികച്ച രീതിയില്‍ നയിക്കാന്‍ സഞ്‌ജുവിന് സാധിക്കുന്നുണ്ടെന്ന് ശാസ്ത്രി പറഞ്ഞു. അശ്വിന്‍, ചഹല്‍, സാംപ സ്‌പിന്‍ ത്രയത്തെ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ സഞ്‌ജുവിന് സാധിക്കുന്നുണ്ടെന്നും രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.

'ഒരു നായകനെന്ന നിലയില്‍ സഞ്‌ജു സാംസണ്‍ ഒരുപാട് പക്വതയുള്ള ഒരു കളിക്കാരനായി മാറിയിട്ടുണ്ട്. തന്‍റെ സ്‌പിന്നര്‍മാരെ സമര്‍ഥമായി ഉപയോഗിക്കാന്‍ അവന് സാധിക്കുന്നുണ്ട്. തന്‍റെ ടീമിലെ മൂന്ന് സ്‌പിന്നര്‍മാരെയും തെറ്റുകളൊന്നും കൂടാതെ ഉപയോഗിക്കാന്‍ ഒരു മികച്ച ക്യാപ്‌റ്റന് മാത്രമേ സാധിക്കൂ', രവി ശാസ്‌ത്രി പറഞ്ഞു.

നേരത്തെയും സഞ്‌ജുവിന്‍റെ ക്യാപ്റ്റന്‍സിയെ പ്രശംസിക്കാന്‍ രവി ശാസ്‌ത്രി മടി കാണിച്ചിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് ശേഷം സഞ്‌ജുവിന്‍റെ ക്യാപ്‌റ്റന്‍സി എംഎസ് ധോണിയുടേതിന് സമാനം എന്നായിരുന്നു ശാസ്‌ത്രി അഭിപ്രായപ്പെട്ടത്.

Also Read :IPL 2023: 'ആദ്യം കരുത്ത് കാട്ടും, പിന്നെ എതിരാളിയുടെ ദൗര്‍ബല്യം മനസിലാക്കി പന്തെറിയും'; ഷമിക്ക് പ്രശംസയുമായി ആര്‍പി സിങ്

'എംഎസ് ധോണി എന്ന ക്യാപ്‌റ്റനില്‍ കാണാന്‍ കഴിയുന്ന ചില ഗുണങ്ങള്‍ സഞ്‌ജു സാംസണിലും പ്രകടമാണ്. ഗ്രൗണ്ടില്‍ എപ്പോഴും ശാന്തനായി മാത്രമേ സഞ്‌ജുവിനെ കാണാന്‍ സാധിക്കൂ. പുറത്ത് ഒരുപാട് വികാരപ്രകടനങ്ങള്‍ നടത്താത്ത സഞ്‌ജു കൃത്യമായി തന്നെ തന്‍റെ ബോളര്‍മാരോട് ആശയവിനിമയം നടത്തുന്നുണ്ട്. അവന്‍റെ ഉള്ളില്‍ മികച്ച ഒരു നായകനാണ് ഉള്ളത്' എന്നായിരുന്നു നേരത്തെ രവി ശാസ്‌ത്രിയുടെ പ്രതികരണം.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ക്യാപ്‌റ്റന്‍സി മികവിനെ പ്രശംസിച്ച് രവി ശാസ്‌ത്രി രംഗത്തെത്തിയത്. അതേസമയം, ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നിലനിര്‍ത്തുമെന്നും രവി ശാസ്‌ത്രി അഭിപ്രായപ്പെട്ടു.

'നിലവിലെ ഫോമും പോയിന്‍റ് പട്ടികയില്‍ ടീമിന്‍റെ സ്ഥാനവും പരിശോധിച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സ് തന്നെ കിരീടം നിലനിര്‍ത്തുമെന്നാണ് ഞാന്‍ കരുതുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് അവര്‍ കാഴ്‌ചവയ്‌ക്കുന്നത്. അവരുടെ എട്ടോളം താരങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്. ഇവരോരുത്തരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളാണ് കാഴ്‌ചവയ്‌ക്കുന്നത്', ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്‌ത്താനായാല്‍ രാജസ്ഥാന്‍ റോയല്‍സിന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സാധിക്കും. അതേസമയം, രാജസ്ഥാനെ തകര്‍ത്ത് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനായിരിക്കും ഗുജറാത്തിന്‍റെ ശ്രമം.

More Read :IPL 2023| ജയിച്ച് ഒന്നാമതെത്താന്‍ രാജസ്ഥാന്‍, തലപ്പത്ത് സ്ഥാനം നിലനിര്‍ത്താന്‍ ഗുജറാത്ത്; ജയ്‌പൂരില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം

ABOUT THE AUTHOR

...view details