അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കി റാഷിദ് ഖാന്‍. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡ്ഴ്‌സിനെതിരായി നടന്ന മത്സരത്തിലാണ് റാഷിദ് ഖാന്‍ ഹാട്രിക് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ 17-ാം ഓവറിലായിരുന്നു അഫ്‌ഗാന്‍ താരത്തിന്‍റെ നേട്ടം.
ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ ഗുജറാത്തിനെ നയിച്ചതും റാഷിദ് ഖാനായിരുന്നു. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരം 37 റണ്‍സ് വഴങ്ങിയാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് റാഷിദ് ഖാന് മുന്നില്‍ വീണത്.
17-ാം ഓവര്‍ പന്തെറിയാനെത്തിയ റാഷിദ് ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയുടെ വമ്പനടിക്കാരന്‍ ആന്ദ്രേ റസലിനെ മടക്കി. കൊല്‍ക്കത്തന്‍ താരത്തിന്‍റെ ബാറ്റിലുരസിയ ശേഷം തുടയില്‍ തട്ടി ഉയര്‍ന്ന പന്തിനെ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ആദ്യം അമ്പയര്‍ വിക്കറ്റ് അനുവദിച്ചിരുന്നില്ല.
പിന്നാലെ റിവ്യു നല്‍കിയാണ് ഗുജറാത്ത് ഈ വിക്കറ്റ് സ്വന്തമാക്കിയത്. റാഷിദ് ഖാന്‍റെ തൊട്ടടുത്ത പന്തില്‍ സുനില്‍ നരെയ്‌നും വീണു. റാഷിദിന്‍റെ ലെങ്ത് ബോള്‍ അതിര്‍ത്തി കടത്താനുള്ള നരെയ്‌ന്‍റെ ശ്രമം പിഴച്ചു.
ഡീപ് മിഡ് വിക്കറ്റില്‍ ജയന്ത് യാദവാണ് നരെയ്‌ന്‍ അടിച്ചുയര്‍ത്തിയ പന്ത് പിടികൂടിയത്. പിന്നാലെ ക്രീസിലേക്കെത്തിയ അവസാന മത്സരത്തിലെ കൊല്‍ക്കത്തയുടെ ഹീറോ ശര്‍ദുല്‍ താക്കൂറിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി റാഷിദ് ഹാട്രിക് നേട്ടത്തിലേക്ക് എത്തുകയായിരുന്നു.
ഐപിഎല്‍ ചരിത്രത്തില്‍ പിറക്കുന്ന 22-ാം ഹാട്രിക്കായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരെ റാഷിദ് ഖാന്‍ സ്വന്തമാക്കിയത്. ആദ്യ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി പഞ്ചാബിനെതിരെ ലക്ഷ്‌മിപതി ബാലാജിയായിരുന്നു ഐപിഎല്ലിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. അതിന് ശേഷം 18 ബോളര്‍മാര്‍ 16 ഐപിഎല്‍ സീസണുകളില്‍ ഹാട്രിക് തികച്ചു.
കൊല്‍ക്കത്തയ്‌ക്കെതിരായ പ്രകടനത്തോടെ ക്യാപ്‌റ്റനായി ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമായും റാഷിദ് ഖാന്‍ മാറി. 2009-ല്‍ ബാംഗ്ലൂര്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കെതിരെ യുവരാജ് സിങും, 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഷെയ്‌ന്‍ വാട്‌സണും നായകരായി ഐപിഎല്ലില്‍ ഹാട്രിക് നേടിയിരുന്നു.
അതേസമയം, റാഷിദ് ഖാന്‍റെ ഹാട്രിക് പ്രകടനത്തിനും നിലവിലെ ചാമ്പ്യന്മാരെ തങ്ങളുടെ സ്വന്തം തട്ടകത്തില്‍ രക്ഷിക്കാനായില്ല. ഗുജറാത്ത് ഏറെക്കുറെ ജയമുറപ്പിച്ച മത്സരം റിങ്കു സിങ്ങിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ് കൊല്‍ക്കത്ത തട്ടിയെടുത്തത്. 20-ാം ഓവറിലെ അവസാന അഞ്ച് പന്തും സിക്‌സര്‍ പറത്തിയാണ് റിങ്കു നൈറ്റ് റൈഡേഴ്‌സിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്.
ഗുജറാത്ത് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയ്‌ക്കായി വെങ്കിടേഷ് അയ്യര്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഇംപാക്‌ട് പ്ലെയറായി ക്രീസിലെത്തി 40 പന്തില്‍ 83 റണ്‍സ് അടിച്ച വെങ്കിടേഷിന്‍റെ പ്രകടനവും കൊല്‍ക്കത്തന്‍ ജയത്തില്‍ നിര്‍ണായകമായി. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് വിജയ് ശങ്കറിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുടെയും സായ് സുദര്‍ശന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്‍റെയും കരുത്തിലാണ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സ് നേടിയത്.
More Read: IPL 2023 |അവസാന അഞ്ച് പന്തിലും സിക്‌സര്‍..!; മിന്നലായി റിങ്കു, അവിശ്വസനീയ ഫിനിഷിങ്ങ് കാണാം