മുംബൈ:വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടത്തിയ പ്രകടനം താന്‍ ഒരിക്കലും മറക്കില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് വൈസ് ക്യാപ്‌റ്റന്‍ റാഷിദ് ഖാന്‍. മുംബൈക്കതിരായ മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ റാഷിദ് 32 പന്ത് നേരിട്ട് 79 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ ഒരു എട്ടാം നമ്പര്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
'എന്‍റെ കരിയറിലെ ഏറ്റവും അവിസ്‌മരണീയമായ ഇന്നിങ്‌സുകളിൽ ഒന്നായിരിക്കും ഇത്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി' -മത്സരത്തില്‍ നിന്നുള്ള ചിത്രം തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കിട്ടുകൊണ്ട് റാഷിദ് കുറിച്ചു.
219 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ അവരുടെ പ്രധാന താരങ്ങളെ നഷ്‌ടമായിരുന്നു. മധ്യനിരയില്‍ ഡേവിഡ് മില്ലറായിരുന്നു ഗുജറാത്ത് സ്‌കോര്‍ അടിച്ചുയര്‍ത്തിയത്. എന്നാല്‍ 12-ാം ഓവറില്‍ വമ്പനടിക്ക് ശ്രമിച്ച മില്ലര്‍ മധ്വാളിന് മുന്നില്‍ വീഴുകയാണുണ്ടായത്.
100-6 എന്ന നിലയിലായിരുന്നു ഗുജറാത്ത് ഈ സമയം. പോയിന്‍റ് പട്ടികയിലെ ഒന്നാമന്‍മാര്‍ക്കെതിരെ മുംബൈ കൂറ്റന്‍ ജയത്തിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു ഇത്. ഡേവിഡ് മില്ലറുടെ വിക്കറ്റിന് പിന്നാലെയാണ് റാഷിദ് ക്രീസിലെത്തിയത്.
തെട്ടടുത്ത ഓവറില്‍ തെവാട്ടിയയെയും നൂര്‍ അഹമ്മദിനെയും ഗുജറാത്തിന് നഷ്‌ടപ്പെട്ടു. ഈ ഒരു ഘട്ടത്തില്‍ 103-8 എന്ന നിലയിരുന്നു ഗുജറാത്ത്. അവിടുന്നായിരുന്നു റാഷിദ് ആക്രമണം അഴിച്ചുവിട്ടത്.
Also Read :IPL 2023 | സൂര്യകുമാര്‍ യാദവ് 'ടി20 ക്രിക്കറ്റിലെ ജീനിയസ്'; മുംബൈ ബാറ്റര്‍ക്ക് പ്രശംസയുമായി ടോം മൂഡി
കുമാര്‍ കാര്‍ത്തികേയയെ തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയാണ് റാഷിദ് തുടങ്ങിയത്. പിന്നാലെ പന്തെറിയാനെത്തിയവരെല്ലാം ഗുജറാത്ത് വൈസ് ക്യാപ്‌റ്റന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. മത്സരത്തില്‍ നേരിട്ട 21-ാം പന്തിലാണ് റാഷിദ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഐപിഎല്‍ കരിയറിലെ റാഷിദിന്‍റെ ആദ്യത്തെ അര്‍ധ സെഞ്ച്വറി ആയിരുന്നു ഇത്. തുടര്‍ന്നും തകര്‍ത്തടിക്കാന്‍ റാഷിദിനായി. അവസാന ഓവറില്‍ റാഷിദിന്‍റെ മൂന്ന് സിക്‌സുകളാണ് ഗുജറാത്ത് സ്‌കോര്‍ 190ലേക്ക് എത്തിച്ചത്.
മത്സരത്തില്‍ മൂന്ന് ഫോറും 10 സിക്‌സുമായിരുന്നു റാഷിദിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. മുംബൈക്കെതിരെ വമ്പന്‍ തോല്‍വിയില്‍ നിന്നും ഗുജറാത്തിനെ രക്ഷിച്ചത് റാഷിദിന്‍റെ പ്രകടനമാണ്. നേരത്തെ പന്ത് കൊണ്ടും റാഷിദ് മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
മത്സരത്തില്‍ മുംബൈക്ക് നഷ്‌ടപ്പെട്ട അഞ്ച് വിക്കറ്റില്‍ നാലും സ്വന്തമാക്കിയത് റാഷിദ് ഖാനാണ്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, നേഹല്‍ വധേര, ടിം ഡേവിഡ് എന്നിവരാണ് ഗുജറാത്ത് വൈസ് ക്യാപ്‌റ്റന് മുന്നില്‍ വീണത്. നാലോവറില്‍ 30 റണ്‍സ് വഴങ്ങിയായിരുന്നു റാഷിദ് ഈ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. നേരത്തെ, ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിന്‍റെ സെഞ്ച്വറിയുടെ കരുത്തിലാണ് 218 റണ്‍സ് നേടിയത്.
Also Read :IPL 2023| 'സൂര്യകുമാര്‍ യാദവിന്‍റെ ആത്മവിശ്വാസം ഒപ്പം ക്രീസിലുള്ള താരങ്ങളെയും സ്വാധീനിക്കും': രോഹിത് ശര്‍മ