ജയ്‌പൂർ :2022 ഡിസംബറിൽ നടന്ന ഐപിഎൽ മിനി താരലേലത്തിൽ ആരും മുഖവിലയ്‌ക്കെടുക്കാത്ത താരം. ആറുമാസത്തോളമായി മത്സര ക്രിക്കറ്റിൽ സജീവമല്ലാതിരുന്ന പ്രസിദ്ധ് കൃഷ്ണയ്‌ക്ക് പകരക്കാരനായി ഈ താരത്തെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിക്കുമ്പോൾ കൂടുതലൊന്നും ആരാധകർ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാൽ ഐപിഎല്ലിലെ അണ്ടർറേറ്റഡ് ബോളർമാരിലൊരാളായ സന്ദീപ് ശർമ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
രാജസ്ഥാൻ റോയൽസിന്‍റെ പേസാക്രമണ ചുമതലയുണ്ടായിരുന്ന കിവീസ് താരം ട്രെന്‍റ് ബോൾട്ടിന്‍റെ ഫിറ്റ്നസ് പ്രശ്‌നങ്ങളാണ് സന്ദീപ് ശർമയ്‌ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനിടയായത്. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിലെ മികച്ച പ്രകടനം തുടരുകയാണ് വെറ്ററൻ താരം. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരായ മത്സരത്തിൽ വിക്കറ്റ് നേടിയ താരം ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്.
ലേലത്തിൽ ആരും തന്നെ ടീമിലെടുത്തില്ലെങ്കിലും സീസണിന്‍റെ തുടക്കത്തിൽ തന്‍റെ കഴിവിൽ വിശ്വസിക്കുകയും പകരക്കാരന്‍റെ റോളിൽ ടീമിലെടുക്കുകയും ചെയ്‌ത രാജസ്ഥാനായി മാന്യമായ പ്രകടനം നടത്തുകയാണ് സന്ദീപ് ശർമ. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്‌ക്കാണ് റോയൽസ് ടീമിലെത്തിച്ചത്.
ചെപ്പോക്കിൽ നടന്ന ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ സന്ദീപ് ശർമ രാജസ്ഥാൻ റോയൽസിനെ ജയത്തിലെത്തിച്ചിരുന്നു. ട്രെന്‍റ് ബോൾട്ടിന്‍റെ അഭാവത്തിലാണ് നായകൻ സഞ്ജു സാംസൺ സന്ദീപ് ശർമയെ പന്തേൽപ്പിച്ചത്. നായകനിൽ തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത പ്രകടനമാണ് പേസർ പുറത്തെടുത്തത്.