മുംബൈ: പഞ്ചാബ് കിങ്സിനെതിരെ ജയിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യം. ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് നായകന്‍ ലോകേഷ് രാഹുലിന്‍റെ തോളേറി പഞ്ചാബ് കിങ്‌സ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഓപ്പണറായ രാഹുല്‍ ക്രീസില്‍ നങ്കൂരമിട്ട് കളിച്ചു. നിര്‍ഭാഗ്യം കൊണ്ട് സെഞ്ച്വറി നഷ്‌ടമായ രാഹുല്‍ പുറത്താകുമ്പോള്‍ 50 പന്തില്‍ 91 റണ്‍സെടുത്തു. ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു നായകന്‍റെ ഇന്നിങ്സ്. നിശ്ചിത 20 ഓവര്‍ അവസാനിക്കാന്‍ നാല് പന്ത് മാത്രം ശേഷിക്കെയാണ് രാഹുല്‍ പവലിയനിലേക്ക് മടങ്ങിയത്.
ആദ്യം നഷ്‌ടമായത് 14 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റായിരുന്നു. പ്രഥമ ഐപിഎല്‍ കളിക്കുന്ന ചേതന്‍ സക്കറിയ ബൗള്‍ഡാക്കിയാണ് മായങ്കിനെ പവലിയനിലേക്ക് മടക്കിയത്. മൂന്നാമനായി ഇറങ്ങിയ ക്രിസ് ഗെയില്‍ കൂറ്റനടികളുമായി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നെങ്കിലും 28 പന്തുകളുടെ ആയുസ്സേ യൂണിവേഴ്‌സല്‍ ബോസിന് ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍ 89 റണ്‍സില്‍ എത്തി നില്‍ക്കെ റിയാന്‍ പ്രയാഗിന്‍റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് വഴങ്ങി ഗെയില്‍ മടങ്ങി. പുറത്താകുമ്പോള്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 40 റണ്‍സായിരുന്നു ഗെയിലിന്‍റെ സമ്പാദ്യം. രാഹുലുമായി ചേര്‍ന്നുള്ള 45 പന്തിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 67 റണ്‍സാണ് പുറത്താകുന്നതിന് മുമ്പ് ഗെയില്‍ കൂട്ടിച്ചേര്‍ത്തത്.