ചെന്നൈ : കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഐപിഎല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ കാണാന്‍ കഴിയുന്ന ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍. ആ വിഷയത്തിലുള്ള ചര്‍ച്ചകള്‍ ഇക്കുറിയും സജീവമായി തന്നെ നടക്കുന്നുണ്ട്. പല പ്രമുഖരും ഇതിനോടകം തന്നെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് 2019ലായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ എംഎസ് ധോണി വിരമിച്ചത്. ഇതിന് പിന്നാലെ ഐപിഎല്ലില്‍ മാത്രമാണ് താരം സജീവമായത്. നിലവില്‍ 41കാരനായ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ഇതായിരിക്കുമെന്ന ആശങ്ക ആരാധകര്‍ക്കിടയിലും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഇതിനെപ്പറ്റി പ്രതികരിക്കാന്‍ ധോണി ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് കൗതുകകരമായ കാര്യം. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചിരുന്ന കേദാര്‍ ജാദവും ധോണിയുടെ വിരമിക്കലില്‍ തന്‍റെ അഭിപ്രായം പറഞ്ഞിരുന്നു. ചെന്നൈ നായകന്‍ ഈ സീസണോടെ ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്ന പ്രവചനം ആയിരുന്നു കേദാര്‍ ജാദവ് നടത്തിയത്.
എന്നാല്‍ ഇപ്പോള്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെയും ചെന്നൈയുടെയും മുന്‍ താരം മുരളി വിജയ്. 'ഓരോ വ്യക്തികളുമാണ് വിരമിക്കല്‍ തീരുമാനം എടുക്കേണ്ടത്. നീണ്ട 15 വര്‍ഷക്കാലം ധോണി ഇന്ത്യന്‍ ടീമിനൊപ്പം കളിച്ചു.
അതുകൊണ്ട് തന്നെ എപ്പോള്‍ കളി മതിയാക്കും എന്ന് ചോദിച്ച് അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കാതെ സ്വന്തമായി തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കുകയാണ് വേണ്ടത്. വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരിക എന്ന് പറയുന്നത് വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. എല്ലാവരും ഇപ്പോള്‍ ധോണിയുടെ വിരമിക്കല്‍ എപ്പോഴാകും എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.