മുംബൈ:റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മുംബൈ ഇന്ത്യന്‍സിനും അതിനിര്‍ണായകമായ ഒന്നായിരുന്നു. ചിന്നസ്വാമിയില്‍ ഈ പോരാട്ടം ആരംഭിക്കുന്നതിന് മുന്‍പ് തങ്ങളുടെ തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്‌ത്തി പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനം പിടിക്കാന്‍ രോഹിതിനും സംഘത്തിനുമായി. എന്നാല്‍ ലീഗിലെ അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍ ജയിച്ചാല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പ്ലേഓഫ് കാണാതെ മടങ്ങേണ്ടിവരുമെന്ന അവസ്ഥയിലായിരുന്നു മുംബൈ.
അതുകൊണ്ട് തന്നെ ബാംഗ്ലൂര്‍ ഗുജറാത്ത് പോരാട്ടം ശ്വാസമടക്കിപ്പിടിച്ചിരുന്നായിരുന്നു മുംബൈ താരങ്ങളും വീക്ഷിച്ചത്. ടീം താമസിക്കുന്ന ഹോട്ടലില്‍ ഈ മത്സരം കാണാനായി വലിയ സ്‌ക്രീനും ഒരുക്കിയിരുന്നു. ഇതിന് മുന്നില്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ഒരുമിച്ചിരുന്നായിരുന്നു മത്സരം കണ്ടത്.
ചിന്നസ്വാമിയിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ 197 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിങ് മികവിലാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്. അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തിയായിരുന്നു ഗില്‍ ഗുജറാത്തിന് ജയം സമ്മാനിച്ചത്.
ഗുജറാത്ത് ടൈറ്റന്‍സിനെ ജയത്തിലെത്തിച്ച ഗില്ലിന്‍റെ സിക്‌സര്‍ അതിര്‍ത്തി കടന്നപ്പോള്‍ ബെംഗളൂരുവില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലും ആഘോഷം തുടങ്ങിയിരുന്നു. കയ്യടിച്ചും പരസ്‌പരം ആലിംഗനം ചെയ്‌തുമാണ് ഗുജറാത്ത് ജയത്തിന് പിന്നാലെ ഉറപ്പായ പ്ലേഓഫിലെ സ്ഥാനം മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ആഘോഷമാക്കിയത്.