ഐപിഎല്‍ പതിനാറാം പതിപ്പ് കൊടിയിറങ്ങി. രണ്ട് മാസത്തോളം നീണ്ടുനിന്ന ടൂര്‍ണമെന്‍റ്. കളിയാസ്വാദകര്‍ക്ക് ഓരോ നിമിഷവും ആവേശം പകര്‍ന്ന മത്സരങ്ങള്‍, പുത്തന്‍ താരോദയങ്ങള്‍, തിരിച്ചുവരുകള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് 2023ലെ ഐപിഎല്ലിന് പരിസമാപ്‌തിയായത്.
മാര്‍ച്ച് 31ന് അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉദ്‌ഘാടന മത്സരത്തോടെ തുടങ്ങിയ യാത്ര. അതേ വേദിയില്‍ മെയ് 29ന് പരിസമാപ്‌തി കുറിച്ചപ്പോള്‍ ഐപിഎല്‍ വിജയ കിരീടം ഗുജറാത്തില്‍ നിന്ന് ചെന്നൈയിലേക്ക് യാത്രയായി. നിലവിലെ ചാമ്പ്യന്മാരെ ഫൈനലില്‍ തകര്‍ത്ത് അഞ്ചാം കിരീടനേട്ടമാണ് എംഎസ് ധോണിയും കൂട്ടരും നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആഘോഷിച്ചത്.
അഞ്ചാം കിരീടനേട്ടം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആഘോഷിക്കുമ്പോള്‍, അത് നായകന്‍ എംഎസ് ധോണിയുടെ തന്ത്രങ്ങളുടെ ഫലമാണെന്ന് നിസംശയം പറയാന്‍ സാധിക്കും. കാരണം, ഇക്കുറി വമ്പന്‍ തിരിച്ചുവരവാണ് ചെന്നൈ തങ്ങളുടെ 'തല' ധോണിക്ക് കീഴില്‍ സ്വന്തമാക്കിയത്. അവസാന വര്‍ഷം ഒന്‍പതാം സ്ഥാനക്കാരായിട്ടായിരുന്നു ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ടീമുകളിലൊന്നായ ചെന്നൈയുടെ മടക്കം.
അതുകൊണ്ട് തന്നെ ഈ സീസണിന്‍റെ തുടക്കത്തില്‍ ചെന്നൈക്ക് കിരീടസാധ്യത കല്‍പ്പിക്കാന്‍ ആരും ഒരുക്കമായിരുന്നില്ല. വീണ്ടുമൊരു 2022 ആവര്‍ത്തിക്കുമെന്ന് പലരും കരുതി. സീസണിലെ ഏറ്റവും ദുര്‍ബല ടീമുകളിലൊന്നായി സിഎസ്‌കെയെ വിലയിരുത്തി.
ഉദ്‌ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ വീണതോടെ ചെന്നൈയുടെ കടുത്ത ആരാധകര്‍ പോലും നിരാശയിലായി. ദയനീയമായിരുന്നു ആദ്യ മത്സരത്തില്‍ ചെന്നൈയുടെ ബൗളിങ്. പിന്നീട് നടന്ന മത്സരങ്ങളിലെല്ലാം പ്രധാന ദൗര്‍ബല്യം ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ് ആണെന്ന് വെളിവായിക്കൊണ്ടേയിരുന്നു.
ആകാശ് സിങ്, മഗാല, സിമ്രാന്‍ജിത് സിങ് തുടങ്ങി പലരെയും ധോണി മാറിമാറി പരീക്ഷിച്ചു. പൊന്നും വിലകൊടുത്ത് ടീമിലെത്തിച്ച ദീപക് ചാഹറിന്‍റെയും ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ സേവനവും തുടക്കത്തില്‍ ലഭിക്കാതെ വന്നതോടെ ചെന്നൈയുടെ കാര്യങ്ങള്‍ പരുങ്ങലിലായി. വമ്പന്‍ പേരുകാരുടെ അഭാവത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അധികം മത്സര പരിചയമില്ലാത്ത യുവനിരയുമായി ധോണിക്ക് കളത്തിലിറങ്ങേണ്ടി വന്നു.