ചെന്നൈ:ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പ്ലേ ഓഫിന് തൊട്ടരികില്‍ നില്‍ക്കുന്ന ചെന്നൈ നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ്. 11 മത്സരങ്ങളില്‍ ആറിലും ജയിച്ച ധോണിക്കും സംഘത്തിനും 13 പോയിന്‍റാണ് ഉള്ളത്.
അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍ത്തിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ധോണിയും സംഘവും മുംബൈയെ വീഴ്‌ത്തിയത്. 2011ന് ശേഷം തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ മുംബൈക്കെതിരെ സിഎസ്‌കെ നേടുന്ന ആദ്യ ജയം കൂടിയായിരുന്നു ഇത്.
എന്നാല്‍, മുംബൈ ഇന്ത്യന്‍സിനെതിരായ അവിസ്‌മരണീയ ജയത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഡ്രസിങ് റൂമില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മത്സരശേഷം നായകന്‍ എം എസ് ധോണി സഹതാരങ്ങളോട് സംസാരിക്കുന്നതാണ് വീഡിയോയില്‍. ഇതിനിടെ റോയല്‍ ചലഞ്ചേഴ്‌സ് താരവും മുന്‍ ഇന്ത്യന്‍ നായകനുമായ വിരാട് കോലിയുടെ പേര് പരാമര്‍ശിച്ച് ധോണി തന്‍റെ ടീമിലെ ഒരാളുമായി സംസാരിക്കുന്നതും കേള്‍ക്കാം.
വിരാട് കോലിയുടെ ബാറ്റിങ് ശൈലി ചൂണ്ടിക്കാട്ടിയായിരുന്നു എംഎസ്‌ഡിയുടെ പ്രതികരണം. 'വിരാട് ആദ്യ പന്ത് നേരിടുന്നത് ഇങ്ങനെയല്ല, അത് എപ്പോഴും ഇവിടെയുണ്ട്' എന്നാണ് ധോണി പറഞ്ഞത്. ചെന്നൈ ടീം അംഗം രജ്‌വര്‍ധര്‍ ഹംഗർഗേക്കർ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഈ വീഡിയോ ആദ്യം പുറത്തുവിട്ടത്.
Also Read :IPL 2023 | 'മഹിരാട് ഫോര്‍ എവര്‍' ; ധോണിക്കൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കുവച്ച് വിരാട് കോലി
ക്രിക്കറ്റ് മൈതാനത്തിന് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് എംഎസ് ധോണിയും വിരാട് കോലിയും. ആര്‍സിബി- സിഎസ്‌കെ ടീമുകള്‍ ഐപിഎല്ലില്‍ തമ്മിലേറ്റുമുട്ടുമ്പോള്‍ ഇരു താരങ്ങളും തമ്മിലുണ്ടാകുന്ന കൂടിക്കാഴ്‌ച ആരാധകരും ആഘോഷമാക്കാറുണ്ട്. ഇക്കുറി ഐപിഎല്ലിലും ഇരുവരും തമ്മില്‍ കാണുന്നതിന്‍റെയും സംസാരിക്കുന്നതിന്‍റെയും ചിത്രങ്ങള്‍ ചെന്നൈ -ബാംഗ്ലൂര്‍ ടീമുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ധോണി വിരാട് കൂടിക്കാഴ്‌ച നടന്നത്. മത്സരശേഷം പതിവ് ഹാന്‍ഡ്‌ഷേക്ക് നല്‍കി തുടങ്ങിയ ഇരുവരും ഏറെ നേരം മൈതാനത്ത് നിന്ന് ആശയവിനിമയം നടത്തി. പിന്നാലെ ധോണിയുമൊത്തുള്ള ചിത്രം വിരാട് കോലി തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും പങ്കുവച്ചിരുന്നു.
ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തന്നോട് സംസാരിച്ച ഏക വ്യക്തി എംഎസ് ധോണി ആയിരുന്നുവെന്ന് വിരാട് കോലി നേരത്തെ വ്യക്തമാക്കിയിരുന്നു. ആ സമയത്ത് തന്നെ ആത്മാര്‍ഥമായി സമീപിച്ച ഒരേയൊരു വ്യക്തി ധോണിയാണ്. എംഎസ്‌ഡിയെപ്പോലെ ഒരു സീനിയര്‍ താരവുമായി ദൃഢമായൊരു ബന്ധം ലഭിച്ചത് തന്‍റെ ഭാഗ്യമാണെന്നും ആയിരുന്നു വിരാട് കോലി പറഞ്ഞത്. ആര്‍സിബി പോഡ്‌കാസ്റ്റിലൂടെയായിരുന്നു അന്ന് വിരാട് കോലിയുടെ ഈ പ്രതികരണം.
Also Read :IPL 2023| 'തല'യ്‌ക്കൊപ്പം 'ചിന്നത്തല'; എല്‍ ക്ലാസിക്കോ വിജയത്തിന് പിന്നാലെ ചെപ്പോക്കില്‍ വീണ്ടുമൊന്നിച്ച് ധോണിയും റെയ്‌നയും