ചെന്നൈ:മുംബൈ ഇന്ത്യന്‍സിനെതിരെ ഈ സീസണിലെ രണ്ടാമത്തെ ജയമാണ് ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയ ലക്ഷ്യം 18-ാം ഓവറിലാണ് ആതിഥേയരായ ചെന്നൈ മറികടന്നത്. സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയിലും ജയം പിടിച്ചതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനും ധോണിക്കും സംഘത്തിനും കഴിഞ്ഞിരുന്നു.
ഐപിഎല്ലില്‍ ചെന്നൈ മുംബൈ ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന മത്സരങ്ങളെല്ലാം ആരാധകര്‍ക്ക് മറക്കാനാകാത്ത നിരവധി ഓര്‍മകളും സമ്മാനിക്കാറുണ്ട്. അത്തരത്തിലൊന്ന് ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തിന് പിന്നാലെ ചെന്നൈ ആരാധകര്‍ക്കും ലഭിച്ചു. മത്സര ശേഷം ചെപ്പോക്കിലെത്തിയ ആരാധകര്‍ 'തലയുടെയും, ചിന്നത്തലയുടെയും' കൂടിച്ചേരലിനും സാക്ഷിയായാണ് മടങ്ങിയത്.
മുംബൈ ഇന്ത്യന്‍സിനെതിരായ ചെന്നൈയുടെ മത്സരം കാണാന്‍ അവരുടെ മുന്‍ താരം കൂടിയായ സുരേഷ് റെയ്‌നയും ചെപ്പോക്കില്‍ എത്തിയിരുന്നു. ഈ മത്സരത്തിന് ശേഷം റെയ്‌ന ഗ്രൗണ്ടിലേക്കിറങ്ങി എംഎസ് ധോണിയുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ താന്‍ അണിഞ്ഞിരുന്ന മൂന്നാം നമ്പര്‍ പ്രിന്‍റ് ചെയ്‌ത മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചായിരുന്നു റെയ്‌ന ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് എത്തിയത്.
ഗ്രൗണ്ടിലൂടെ നടന്ന ധോണിയും റെയ്‌നയും അധികനേരം സംസാരിച്ചാണ് മടങ്ങിയത്. ഐപിഎല്ലിന്‍റെ ആദ്യ പതിപ്പ് മുതല്‍ 12 സീസണുകളിലാണ് സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചിട്ടുള്ളത്. 2008ല്‍ 2.60 കോടി മുടക്കിയായിരുന്നു ചെന്നൈ സുരേഷ് റെയ്‌നയെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.