അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ 62 റണ്‍സിന് വീഴ്‌ത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇക്കുറി കലാശപ്പോരിന് യോഗ്യത ഉറപ്പാക്കിയത്. അഹമ്മദാബാദില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിനായി മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ കളം നിറഞ്ഞത് ശുഭ്‌മാന്‍ ഗില്ലാണ്. സീസണിലെ മൂന്നാം സെഞ്ച്വറി ഗില്‍ അടിച്ചെടുത്തപ്പോള്‍ നിശ്ചിത 20 ഓവറില്‍ 233 റണ്‍സും നേടിയാണ് ഗുജറാത്ത് കളിയവസാനിപ്പിച്ചത്.
മത്സരത്തിന്‍റെ രണ്ടാം പകുതി ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍ മോഹിത് ശര്‍മയ്‌ക്ക് അവകാശപ്പെട്ടത്. അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി മുംബൈയുടെ തോല്‍വി അതിവേഗമാക്കിയത് മോഹിത് ശര്‍മയാണ്. 2.2 ഓവറില്‍ 10 റണ്‍സ് മാത്രം വിക്കുകൊടുത്തായിരുന്നു മോഹിതിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം.
234 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല അഹമ്മദാബാദില്‍ ലഭിച്ചത്. ഇംപാക്‌ട് പ്ലെയറായി നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയ നേഹല്‍ വധേരയെ മുംബൈക്ക് ആദ്യ ഓവറില്‍ തന്നെ നഷ്‌ടമായി.
Also Read: IPL 2023 |അമ്പമ്പോ ഇതെന്തൊരടി!... മിന്നല്‍ പിണരായി ശുഭ്‌മാന്‍ ഗില്‍; അഹമ്മദാബാദില്‍ റെക്കോഡുകള്‍ വാരിക്കൂട്ടി ഗുജറാത്ത് ഓപ്പണര്‍
മൂന്നാം ഓവറില്‍ രോഹിത് ശര്‍മയേയും (8) മുംബൈക്ക് നഷ്‌ടമായി. മുഹമ്മദ് ഷമി ആയിരുന്നു ആദ്യ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്നാണ് പിന്നീട് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്.
14 പന്തില്‍ 43 റണ്‍സടിച്ച തിലക് വര്‍മയെ പവര്‍പ്ലേയുടെ അവസാന ഓവറില്‍ റാഷിദ് ഖാനും വീഴ്‌ത്തി. ജോഷുവ ലിറ്റിലിന് മുന്നില്‍ ക്രിസ് ഗ്രീനും വീണതോടെ മുംബൈ സമ്മര്‍ദത്തിലായി. ഈ സമയം മറുവശത്തുണ്ടായിരുന്ന സൂര്യകുമാര്‍ യാദവിലായിരുന്നു മുംബൈയുടെ പ്രതീക്ഷ.