ലഖ്‌നൗ:അഞ്ച് വര്‍ഷത്തിന് ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ്. മടങ്ങി വരവില്‍ ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ മാര്‍ക്ക് വുഡിന് സാധിച്ചു. നാല് ഓവര്‍ പന്തെറിഞ്ഞ വുഡ് 14 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്.
ഇന്നലെ ലഖ്‌നൗ സറ്റേഡിയത്തില്‍ തന്‍റെ ഐപിഎല്‍ കരിയറിലെ രണ്ടാം മത്സരം ആയിരുന്നു മാര്‍ക്ക് വുഡ് കളിച്ചത്. അതും അരങ്ങേറ്റ മത്സരം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയായിരുന്നു മാര്‍ക്ക് വുഡിന്‍റെ ഐപിഎല്‍ അരങ്ങേറ്റം. സീസണില്‍ 1.50 കോടി മുടക്കിയാണ് അന്ന് സിഎസ്‌കെ ഇംഗ്ലീഷ് പേസറെ ടീമിലെത്തിച്ചത്. ആ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ഒരു മത്സരം മാത്രമാണ് മാര്‍ക്ക് വുഡിന് കളിക്കാനായത്.
അന്ന് നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ വുഡ് വിക്കറ്റൊന്നും നേടാതെ 49 റണ്‍സ് വഴങ്ങി. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ മൂന്ന് പന്ത് നേരിട്ട് ഒരു റണ്‍ മാത്രം നേടാനായിരുന്നു സാധിച്ചത്. പിന്നാലെ ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി കളിക്കാനായി വുഡ് ഐപിഎല്‍ വിടുകയായിരുന്നു.
തൊട്ടടുത്ത വര്‍ഷവും ചെന്നൈ മാര്‍ക്ക് വുഡിനെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ആ വര്‍ഷവും അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ല. 2020 ഐപിഎല്‍ താരലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറാകാതിരുന്നതോടെ ആ സീസണും വുഡിന് നഷ്‌ടമായി.
2021ലേക്ക് എത്തിയപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വുഡിന് ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത വര്‍ഷം താരലേലത്തില്‍ അദ്ദേഹം വീണ്ടും പങ്കെടുത്തു. അടിസ്ഥാന വില രണ്ട് കോടി ആയിരുന്ന വുഡിനെ ലഖ്‌നൗ 7.50 കോടിക്ക് ടീമിലെത്തിച്ചു.