അഹമ്മദാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തെറിഞ്ഞ ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ച്വറി പ്രകടനത്തിന് പ്രശംസയുമായി മലയാള ചലച്ചിത്ര താരം പൃഥ്വിരാജ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മറ്റൊരു തലമുറ മാറ്റത്തിനാണ് ഇപ്പോള്‍ നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്നും പൃഥ്വി ട്വിറ്ററില്‍ കുറിച്ചു. 2012-ല്‍ ശ്രീലങ്കയ്‌ക്കെതിരെ വിരാട് കോലി നടത്തിയ ഒരു പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു പൃഥ്വിയുടെ പ്രതികരണം.
'ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയെ 23കാരന്‍ വിരാട് കോലി നിഷ്‌ഭ്രമമാക്കിയത് ഓര്‍ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു തലമുറ മാറ്റത്തിനാണ് അന്ന് നമ്മള്‍ സാക്ഷ്യം വഹിച്ചത്. ഇന്ന് മറ്റൊരു 23കാരന്‍ വീണ്ടും അതേ അനുഭൂതിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്' -പൃഥ്വി ട്വീറ്റ് ചെയ്‌തു.
2012ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയിലെ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് വിരാട് കോലി ഇന്ത്യക്കായി പുറത്തെടുത്തത്. ഹൊബര്‍ട്ടില്‍ 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് വേണ്ടി കോലി 86 പന്തില്‍ 133 റണ്‍സ് നേടിയിരുന്നു. ഈ മത്സരത്തില്‍ മലിംഗയുടെ ഒരോവറില്‍ 24 റണ്‍സാണ് വിരാട് കോലി അടിച്ചെടുത്തത്.
Also Read :വിരാട് കോലി എന്ന പയ്യന്‍ 'ചേസ് മാസ്റ്ററിലേക്ക്'; ഹൊബാര്‍ട്ടിലെ ഐതിഹാസിക ഇന്നിങ്‌സിന് ഇന്ന് 11 വയസ്
ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയുടെ വരവറിയിച്ച ഇന്നിങ്‌സായിരുന്നു ഇത്. ആ ഇന്നിങ്‌സിനെ ഓര്‍ത്തെടുത്തു കൊണ്ടായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറായി ക്രീസിലെത്തിയ ശുഭ്‌മാന്‍ ഗില്‍ 60 പന്തില്‍ 129 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്.
ശ്രദ്ധയോടെയായിരുന്നു ഗില്‍ മത്സരത്തില്‍ ബാറ്റ് വീശി തുടങ്ങിയത്. പതിഞ്ഞ താളത്തില്‍ റണ്‍സടിച്ച ഗില്‍ പിന്നീട് അഹമ്മദാബാദില്‍ ആളിക്കത്തി. മുംബൈയുടെ മുഴുവന്‍ ബൗളര്‍മാരും ഗില്ലിന്‍റെ പ്രകടനത്തിന് മുന്നില്‍ ഉത്തരമില്ലാതെ തലയില്‍ കൈവച്ച് നിന്നു.
32-ാം പന്തിലാണ് ഗില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അവിടെ നിന്നും നൂറിലേക്ക് എത്താന്‍ 17 പന്തുകള്‍ മാത്രമാണ് ഗില്ലിന് നേരിടേണ്ടി വന്നത്. പത്ത് ഫോറും ഏഴ് സിക്‌സും ഗില്‍ മത്സരത്തില്‍ അടിച്ചുപറത്തി.
തകര്‍പ്പന്‍ സെഞ്ച്വറിക്കൊപ്പം നിരവധി റെക്കോഡുകളും വാരിക്കൂട്ടിയായിരുന്നു അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ 22 വാര പിച്ചില്‍ നിന്നും ശുഭ്‌മാന്‍ ഗില്‍ തിരികെ പവലിയനിലേക്ക് നടന്നത്. ഇന്നലത്തെ പ്രകടനത്തോടെ ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും ഗില്‍ എത്തി. 16 മത്സരം കളിച്ച താരം ഇതുവരെ 851 റണ്‍സാണ് അടിച്ചെടുത്തത്.
ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ 800 റണ്‍സിലധികം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ഗില്‍. വിരാട് കോലിയാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ താരം. കൂടാതെ ഒറ്റസീസണില്‍ കൂടുതല്‍ റണ്‍സടിച്ചവരുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനക്കാരാനാണ് ഗില്‍.
വിരാട് കോലി (973), ജോസ് ബട്‌ലര്‍ (862) എന്നിവരാണ് ഈ പട്ടികയില്‍ ഇപ്പോള്‍ ഗില്ലിന് മുന്നില്‍ ഉള്ളവര്‍. ഗില്ലിന്‍റെ സെഞ്ച്വറിക്കരുത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 233 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ 171 റണ്‍സില്‍ ഓള്‍ഔട്ട് ആക്കിയ നിലവിലെ ചാമ്പ്യന്‍മാര്‍ 62 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയാണ് ഫൈനലിന് യോഗ്യത നേടിയത്.
Also Read :IPL 2023 | അമ്പമ്പോ ഇതെന്തൊരടി!... മിന്നല്‍ പിണരായി ശുഭ്‌മാന്‍ ഗില്‍; അഹമ്മദാബാദില്‍ റെക്കോഡുകള്‍ വാരിക്കൂട്ടി ഗുജറാത്ത് ഓപ്പണര്‍