ബെംഗളൂരു :ഐപിഎല്‍ പതിനാറാം പതിപ്പിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സ്വപ്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ മികച്ച ജയം നേടാന്‍ ടീമിന് സാധിച്ചു. മത്സരത്തില്‍ ടോസ്‌നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 172 റണ്‍സ് വിജയലക്ഷ്യമാണ് ആര്‍സിബിക്ക് മുന്നില്‍ വച്ചത്.
മറുപടി ബാറ്റിങ്ങില്‍ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും തകര്‍ത്തടിച്ചപ്പോള്‍ ആര്‍സിബിക്ക് 8 വിക്കറ്റും 22 പന്തും ശേഷിക്കെ വിജയത്തിലെത്താനായി. നായകന്‍ ഫാഫ് ഡുപ്ലെസിസ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി 43 പന്തില്‍ 73 റണ്‍സാണ് നേടിയത്. വിരാട് കോലി 49 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്നു.
ഈ മത്സരത്തിന് മുന്‍പ് തന്നെ ഏവരും ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു വിരാട് കോലി vs ജോഫ്ര ആര്‍ച്ചര്‍ പോരാട്ടം. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് കോലിയും ബോളര്‍മാരില്‍ ഒരാളായ ജോഫ്ര ആര്‍ച്ചറും മുഖാമുഖം വരുന്നത് കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്.
ആദ്യ പന്തില്‍ തന്നെ വിരാട് കോലിയെ പുറത്താക്കാന്‍ ജോഫ്ര ആര്‍ച്ചറിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍, തനിക്ക് നേരെ എത്തിയ റിട്ടേണ്‍ ക്യാച്ച് കൃത്യമായി കൈക്കുള്ളിലാക്കാന്‍ ആര്‍ച്ചറിന് സാധിച്ചില്ല. പിന്നീട് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് മുംബൈ ഇന്ത്യന്‍സിന്‍റെ പ്രധാന ബോളറിന് മേല്‍ വിരാട് കോലി ആധിപത്യം സ്ഥാപിക്കുന്നതാണ്.