ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 18നോ 19നോ യുഎഇയിൽ ആരംഭിക്കുമെന്ന് ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. സീസണില്‍ ശേഷിക്കുന്ന 31 മത്സരങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാവുന്ന വിധത്തിലാവും മറ്റ് ക്രമീകരണങ്ങള്‍ നടത്തുക. ഇതു പ്രകാരം ഒക്ടോബര്‍ ഒമ്പതിനോ പത്തിനോ അവും ഫെെനല്‍ നടക്കുകയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'എല്ലാ ഫ്രാഞ്ചെെസികളോടും ബിസിസിഐ സംസാരിച്ചിട്ടുണ്ട്, സെപ്റ്റംബർ 18 മുതൽ 20 വരെയുള്ള തിയതികളില്‍ ആരംഭിക്കാം എന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. സെപ്റ്റംബർ 18 ഒരു ശനിയാഴ്ചയും 19 ഞായറാഴ്ചയും ആയതിനാൽ, ഒരു വാരാന്ത്യ തീയതിയിൽ ഐപിഎല്‍ വീണ്ടും ആരംഭിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു' പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.