ഹൈദരാബാദ്:ഐപിഎല്‍ പതിനറാം പതിപ്പിലെ ജീവന്‍മരണപ്പോരാട്ടത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിറങ്ങും. പ്ലേഓഫ് പ്രതീക്ഷകള്‍ അസ്‌തമിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് നിര്‍ണായക മത്സരത്തില്‍ ആര്‍സിബിയുടെ എതിരാളികള്‍. ഹൈദരാബാദിന്‍റെ തട്ടകമായ രാജീവ് ഗാന്ധി ഇന്‍റര്‍നാഷ്‌ണല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
ഇനിയൊന്നും നഷ്‌ടപ്പെടാനില്ലാത്ത ഹൈദരാബാദ് സീസണിലെ തങ്ങളുടെ അവസാന ഹോം മത്സരത്തിനായാണ് ഇന്നിറങ്ങുന്നത്. പ്ലേഓഫ് മോഹങ്ങള്‍ അവസാനിച്ചെങ്കിലും ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുന്നിലേക്ക് കയറാനാണ് ടീമിന്‍റെ ശ്രമം. അതേസമയം, പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്.
ഇന്ന് തോറ്റാല്‍ ടീമിന്‍റെ പ്ലേഓഫ് മോഹങ്ങള്‍ ഏറെക്കുറെ അവസാനിക്കും. ഈ സീസണില്‍ രണ്ട് ടീമും തമ്മിലേറ്റുമുട്ടുന്ന ആദ്യത്തെ മത്സരമാണിത്. നേരത്തെ ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് ടീമും 22 തവണ തമ്മിലേറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് 12 മത്സരങ്ങളിലും ബാംഗ്ലൂര്‍ 9 കളികളിലുമാണ് ജയം പിടിച്ചത്.
റണ്‍സടിക്കാതെ വിരാട് കോലി :അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍. ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസിക്കൊപ്പം വിരാട് കോലിയും ബാറ്റിങ്ങില്‍ നഷ്‌ടപ്പെട്ട താളം വീണ്ടെടുത്താലെ ഹൈദരാബാദ് ബൗളിങ് നിരയ്‌ക്കെതിരെ സന്ദര്‍ശകര്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ. അവസാന രണ്ട് മത്സരങ്ങളിലും കോലിക്ക് ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകളൊന്നും നല്‍കാനായിരുന്നില്ല.
ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ ബാറ്റിങ് ത്രയത്തിന് പുറമെ അവസാന മത്സരത്തില്‍ അനൂജ് റാവത്തും റണ്‍സടിച്ചത് ആര്‍സിബിക്ക് ആശ്വാസം. എന്നാലും മധ്യനിര മികവിലേക്ക് ഉയരാത്തത് ഇപ്പോഴും ടീമിന് തലവേദനയാണ്.
ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാനെതിരെ ഹൈദരാബാദിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഹെയ്‌സല്‍വുഡിന് പകരം ടീമിലേക്ക് മടങ്ങിയെത്തിയ വെയ്‌ന്‍ പാര്‍ണലിന്‍റെ പ്രകടനം ഇന്നത്തെ മത്സരത്തിലും നിര്‍ണായകമാണ്. മുഹമ്മദ് സിറാജും താളം കണ്ടെത്തിയാല്‍ ഹൈദരാബാദ് ബാറ്റര്‍മാര്‍ക്ക് അല്‍പം വിയര്‍ക്കേണ്ടിവരും.
അടുത്ത മത്സരത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ബാംഗ്ലൂരിന് നേരിടാനുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് തോറ്റാല്‍ ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും മുന്നോട്ടുള്ള യാത്ര കഠിനമാകും. ഇന്ന് തോല്‍വിയാണ് ഫലമെങ്കില്‍ ടൂര്‍ണമെന്‍റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഫലത്തെക്കൂടി ആശ്രയിച്ചാകും ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍.
ഉപ്പലില്‍ ജയിച്ച് മടങ്ങാന്‍ ഹൈദരാബാദ് :ബാറ്റിങ്ങും ബൗളിങ്ങും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നതാണ് ഹൈദരാബാദിന് ഇക്കുറി തിരിച്ചടിയായത്. പേപ്പറില്‍ കരുത്തരായ പല വമ്പന്‍മാരും കളത്തില്‍ കളി മറന്നു. ഇതോടെ 12 കളികളില്‍ നാല് ജയം മാത്രമാണ് ഹൈദരാബാദിന് നേടാനായത്.
ബാറ്റിങ്ങില്‍ ഹെൻറിച്ച് ക്ലാസന്‍ ഒഴികെ മറ്റാര്‍ക്കും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനായില്ല. ഭുവനേശ്വര്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള ബൗളിങ് നിരയും ശരാശരി പ്രകടനത്തിലേക്ക് ഒതുങ്ങി. ബാറ്റര്‍മാരും ബൗളര്‍മാരും മികവ് കാട്ടിയാലെ സീസണിലെ അവസാന ഹോം മത്സരത്തില്‍ ബാംഗ്ലൂരിനെ വീഴ്‌ത്താന്‍ ഹൈദരാബാദിനാകൂ.
Also Read :IPL 2023| 'അവസാന ഓവറിലെ നോബോളിന് ശേഷം പ്രതീക്ഷകളുണ്ടായിരുന്നു'; ഡല്‍ഹിക്കെതിരായ തോല്‍വിയില്‍ ശിഖര്‍ ധവാന്‍